ആ ന്യായാധിപന്‍മാര്‍ ഈ രാജ്യത്തിന്റെ മന:സാക്ഷിയാണ്

0
134


കെ.ശ്രീജിത്ത്

‘ ഞങ്ങള്‍ ആത്മാവ് പണയം വെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല ‘

– ജസ്റ്റിസ് ചെലമേശ്വര്‍

രാജ്യം ഞെട്ടലോടെയാണ് ഈ വാക്കുകള്‍ കേട്ടത്. ഒരുപക്ഷെ മുമ്പൊരിക്കലുമില്ലാത്ത വിധം. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നാല് മുതിര്‍ന്ന ന്യായാധിപന്‍മാര്‍ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഈ വാചകങ്ങള്‍ ഉരുവിട്ടത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രജ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരും ചെലമേശ്വറിനൊപ്പം വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു.

ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പ് അവര്‍ നല്‍കി. ഒരുപക്ഷെ എത്രയോ കാലമായി രാജ്യത്തെ സാധാരണ പൗരന്‍ നിത്യേനയെന്നോണം സ്വയം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം നാല് മുതിര്‍ന്ന ന്യായാധിപന്‍മാര്‍ ആവര്‍ത്തിച്ചു എന്നുമാത്രം. കോടതികളിലെത്തുന്ന എത്രയോ കേസുകളുടെ വിധി കണ്ട് പലപ്പോഴും സാധാരണ ജനം സ്വയം ചോദിച്ചിട്ടുണ്ട്. ഇതാണോ ശരി? നീതിന്യായ വ്യവസ്ഥിതിയും കൈവിട്ടുപോവുകയാണോ?

‘ ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്. അതിനാലാണ് പ്രശ്നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലുമുള്ള വിയോജിപ്പുകള്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് അറിയിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ അദ്ദേഹം തയ്യറായില്ല. ജുഡീഷ്യറിയുടേയും ജനാധിപത്യത്തിന്റേയും നിലനില്‍പ്പിനു വേണ്ടി രാജ്യത്തെ ജനങ്ങളോട് ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയേണ്ടതുണ്ട്. ഞങ്ങള്‍ നാലുപേരും ആത്മാവ് പണയം വെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ശക്തവും സ്വതന്ത്രവും സുതാര്യവുമായ ജുഡീഷ്യറിയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത നിലയിലല്ല. തെറ്റുകുറ്റങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളോട് പറയേണ്ടി വന്നത് ‘ ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ഇത്തരത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ പെരുമാറിയതിനെക്കുറിച്ച് രാജ്യത്താകെ സമ്മിശ്ര പ്രതികരണമാണുള്ളത്. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. അവര്‍ ചെയ്തത് എന്തുതന്നെയായാലും അവരുടെ ആത്മാര്‍ത്ഥതയെക്കുറിച്ച് സംശയിക്കേണ്ടതില്ല. സ്വന്തം രാജ്യത്തെ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും കൈവിട്ടുപോകുന്നതിന്റെ വ്യഥയാണ്, അതിന്റെ ആത്മസംഘര്‍ഷങ്ങളാണ് അവരെ ഇതില്‍ കൊണ്ടെത്തിച്ചത്. വരുന്ന തലമുറകള്‍ക്ക് വേണ്ടിയാണ് അവരത് ചെയ്തത്. സത്യസന്ധതയ്ക്കും വ്യക്തിശുദ്ധിയ്ക്കും പേരുകേട്ടവരെന്ന് ജുഡീഷ്യറിയിലുള്ളവര്‍ തന്നെ പറയുന്നവരാണ് അവര്‍ എന്ന കാര്യവും മറക്കരുത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഈ കേസ് സീനിയോറിറ്റി പട്ടികയില്‍ പത്താമതുള്ള ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കമെന്നാണ് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. ഇതിനോടുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ എതിര്‍പ്പാണ് കാര്യങ്ങള്‍ വഷളാക്കിയത്. പ്രാധാന്യമുള്ളതും വിവാദപരവുമായ കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുന്നതാണ് സുപ്രീം കോടതിയിലെ രീതി. എന്നാല്‍ അതിന് വിരുദ്ധമായാണ് ലോയ കേസില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തതെന്നും ഇത് തിരുത്തണമെന്നുമാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് തയ്യാറല്ലെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിക്കുകയായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാനിലെ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കടാരിയയും പ്രതികളായിരുന്ന ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസാണ് ജഡ്ജിമാരുടെ ഈ പൊട്ടിത്തെറിയ്ക്ക് പിന്നിലെന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. കേസില്‍ വിചാരണ കേട്ട ഒരു ജഡ്ജിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വിവാദം നേരത്തെത്തന്നെയുണ്ടായിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്ക് ജുഡീഷ്യറിയിലുള്ള സ്വാധീനത്തെക്കുറിച്ച് ഏറെക്കാലമായി രാജ്യത്ത് കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. കോടതികളുടെ പല വിധികളും സംശയാസ്പദമാണെന്നും അതിലൊക്കെ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ആരോപണങ്ങളുണ്ട്. ഒരു ജനാധിപത്യ രാജ്യത്തെ നീതിന്യായ വ്യവസ്ഥ എല്ലാതരം സ്വാധീനങ്ങള്‍ക്കും അപ്പുറത്തായിരിക്കണമെന്ന മഹത്തായ ദര്‍ശനം ഇന്ത്യയില്‍ പലപ്പോഴും കാറ്റില്‍ പറത്തുന്നതാണ് കണ്ടത്. എന്നിട്ടും 120 കോടി വരുന്ന ജനം എപ്പോഴും ജുഡീഷ്യറിയെ പരിപാവനമായിത്തന്നെ മനസില്‍ കൊണ്ടുനടന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓരോ പൗരനും സ്വയം പറഞ്ഞുകൊണ്ടിരുന്നു.

പണത്താലും അധികാരത്താലും ഒരിക്കലും സ്വാധീനിക്കപ്പെടാന്‍ പാടില്ലാത്ത, ദരിദ്രനാരായണന്‍മാര്‍ക്ക് ആശ്രയമാകുന്ന ഒന്നായിരിക്കണം ജുഡീഷ്യറിയെന്ന ദര്‍ശനം നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇന്ന് നടപ്പാകുന്നില്ല എന്നതാണ് സത്യം. അത് തിരുത്തപ്പെടേണ്ടതുണ്ട്. അതിനുള്ള ഒരു തുടക്കമായി മുതിര്‍ന്ന ന്യായാധിപന്‍മാരുടെ ഈ ശ്രമത്തെ നമ്മുക്ക് കാണാം. ‘രാജാവ് നഗ്നനാണ് ‘ എന്ന് ആരെങ്കിലും ഉറക്കെ വിളിച്ചുപറഞ്ഞേ മതിയാകുമായിരുന്നുള്ളൂ. അതാണ്, അത് മാത്രമാണ് അവര്‍ ചെയ്തത്. അത് ഒരു പക്ഷെ കീഴ് വഴക്കമില്ലാത്തതായിരിക്കാം. സാങ്കേതികത്വത്തിന്റെ പിന്തുണ അതിനില്ലായിരിക്കാം. എന്നാലും അതിലെ ആത്മാര്‍ത്ഥതയെ, സത്യസന്ധതയെ രാജ്യം കണ്ടില്ലെന്ന് നടിക്കരുത്. ‘ഇങ്ങനെയൊരു കത്തെഴുതുന്നതു തീവ്രമായ മനോവ്യഥയോടെയും ആശങ്കയോടെയുമാണ് ‘ എന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് രണ്ട് മാസം മുമ്പ് നല്‍കിയ കത്തില്‍ പറയുന്നത്. ആ വ്യഥയും ആശങ്കയും അവരുടെ മാത്രമല്ല രാജ്യത്തിന്റെയാകെയാണ്. ഈ രാജ്യത്തിന്റെ മന:സാക്ഷിയായിട്ടാണ് അവര്‍ നില്‍ക്കുന്നത്. നീതിന്യായ വ്യവസ്ഥയും ഭരണ സംവിധാനവും അത് കണ്ടില്ലെന്ന് നടിക്കരുത്.