‘ഇതെഴുതുന്നത് തീവ്രമായ മനോവ്യഥയോടെ’ – ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത്

0
47

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് രണ്ടു മാസം മുന്‍പ് സുപ്രീം കോടതിയിലെ നാലു ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ നല്‍കിയ കത്തിന്റെ കരടു രൂപം. ഇന്നലെ ഡല്‍ഹിയില്‍ ജഡ്ജിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇതു വിതരണം ചെയ്തു.

കത്തിന്റെ കരട് രൂപം ഇങ്ങനെ;

ഇങ്ങനെയൊരു കത്തെഴുതുന്നതു തീവ്രമായ മനോവ്യഥയോടെയും ആശങ്കയോടെയുമാണ്. ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ പ്രവര്‍ത്തനത്തിനു പുറമേ, നീതിനിര്‍വഹണ സംവിധാനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ കോടതിയില്‍ നിന്നുണ്ടായ ചില ഉത്തരവുകള്‍ എടുത്തുകാട്ടുകയാണ് ഉദ്ദേശ്യം.

ബോംബെ, മദ്രാസ്, കല്‍ക്കത്ത ഹൈക്കോടതികള്‍ സ്ഥാപിച്ച കാലം മുതല്‍ ജുഡീഷ്യറിയുടെ നടത്തിപ്പില്‍ അംഗീകൃതമായ ചില പാരമ്പര്യങ്ങളും രീതികളും നിലവിലുണ്ട്. മേല്‍പ്പറഞ്ഞ കോടതികള്‍ സ്ഥാപിക്കപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം നിലവില്‍ വന്ന സുപ്രീം കോടതിയും അതേ പാരമ്പര്യങ്ങളെയാണ് ആശ്ലേഷിച്ചത്. ആംഗ്ളോ സാക്‌സന്‍ നിയമസംഹിതയിലും നടപടിക്രമങ്ങളിലുമാണ് ഈ പാരമ്പര്യങ്ങളുടെ വേരുകള്‍.

ഈ കോടതികളുടെ ജോലി വിഭജനത്തിന്റെ മേധാവി ചീഫ് ജസ്റ്റിസ് ആണെന്നത് അംഗീകരിക്കപ്പെട്ട തത്വങ്ങളിലൊന്നാണ്. അദ്ദേഹത്തിനാണ് സഹപ്രവര്‍ത്തകരായ ന്യായാധിപന്മാരുടെ ജോലിക്രമം നിശ്ചയിക്കാനുള്ള പ്രത്യേകാവകാശം. ഏതു കേസ് അല്ലെങ്കില്‍ ഏതു വിഭാഗം കേസുകള്‍ ഏതു ബെഞ്ച് / അംഗം കൈകാര്യം ചെയ്യണമെന്നു നിശ്ചയിക്കാനും അതിനു സൗകര്യങ്ങളൊരുക്കാനും വിവിധ കോടതികളുടെ പ്രവര്‍ത്തനം ക്രമബദ്ധമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഈ പ്രത്യേകാവകാശം അനിവാര്യമാണ്.

കോടതിയിലെ വിവിധ ബെഞ്ചുകള്‍ക്കു കേസുകള്‍ വീതിച്ചുനല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ അവകാശം അംഗീകരിക്കുന്ന സമ്പ്രദായം കോടതിയുടെ പ്രവര്‍ത്തനം കൃത്യതയോടെയും കാര്യക്ഷമതയോടെയും നടക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയതാണ്. അല്ലാതെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ ചീഫ് ജസ്റ്റിസിനു നിയമപരമോ വസ്തുതാപരമോ ആയ ഏതെങ്കിലും അധികാരം ഇല്ലതന്നെ. തുല്യരിലെ ഒന്നാമന്‍ മാത്രമാണു ചീഫ് ജസ്റ്റിസ്. അതില്‍ കൂടുതലോ കുറവോ ഇല്ല. ഇതു നിയമസംഹിതയില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ്

മുറപ്രകാരം വിവിധ ബെഞ്ചുകളില്‍ വാദം കേള്‍ക്കേണ്ട കാര്യങ്ങള്‍ പ്രഖ്യാപിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള അധികാരം കവര്‍ന്നെടുക്കാന്‍ മറ്റൊരു ബെഞ്ചോ അംഗമോ മുതിരരുതെന്നതാണു മേല്‍ പരാമര്‍ശിച്ചതിനോടു ചേര്‍ന്നു വരുന്ന മറ്റൊരു അനിവാര്യ തത്വം.

ഈ രണ്ട് അടിസ്ഥാന നിയമങ്ങളില്‍നിന്നുമുള്ള ഏതു വ്യതിയാനവും നീതിപീഠത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു സംശയങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അസുഖകരവും അഹിതവുമായ പ്രത്യാഘാതങ്ങള്‍ക്കും അതു കാരണമാകും.

മേല്‍പ്പറഞ്ഞ ഇരട്ടതത്വങ്ങള്‍ സമീപകാലത്തായി കണിശതയോടെ പാലിക്കുന്നില്ലെന്നു പറയേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു ഖേദമുണ്ട്. രാജ്യത്തെയും നീതിപീഠത്തെയും സംബന്ധിച്ചു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസുകള്‍, ചീഫ് ജസ്റ്റിസ് താല്‍പര്യമുള്ള ബെഞ്ചുകള്‍ക്കാണു തിരഞ്ഞെടുത്തു കൊടുത്തത്. അങ്ങനെ നല്‍കിയതിനൊന്നും തത്വാധിഷ്ഠിതമായ ഒരടിസ്ഥാനവും ഇല്ലതാനും. ഇത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്.

വിശദാംശങ്ങള്‍ ഞങ്ങള്‍ പരാമര്‍ശിക്കാതിരിക്കുന്നതു നീതിപീഠത്തിനു വല്ലായ്മ ഉണ്ടാകുന്നത് ഒഴിവാക്കാനാണ്. പക്ഷേ, ഇതിനകം സംഭവിച്ച വ്യതിയാനങ്ങള്‍ നീതിപീഠത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തിയിട്ടുണ്ടെന്നതും ശ്രദ്ധിക്കണം.

ഈ പശ്ചാത്തലത്തില്‍, 2017 ഒക്ടോബര്‍ 27ലെ ആര്‍.പി ലുത്ര കേസ് ഉത്തരവു പരാമര്‍ശിക്കാതെ വയ്യ. ജഡ്ജിമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ (എംഒപി) അന്തിമമായി തീരുമാനിക്കാന്‍ ഇനിയും കാലതാമസം വരുത്തരുതെന്നു താങ്കളോടു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. വിശാലമായ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണിത്. ജഡ്ജി നിയമന നടപടിക്രമം (എംഒപി) ഈ കോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാനിച്ച വിഷയമാണെന്നിരിക്കെ, മറ്റൊരു ബെഞ്ചിന് ഇതേ കാര്യം എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നു മനസ്സിലാക്കാനാവുന്നില്ല.

ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിനു പിന്നാലെ, അഞ്ചംഗ ജഡ്ജിമാരുടെ കൊളീജിയവും വിശദമായ ചര്‍ച്ച നടത്തി എംഒപി തീരുമാനിക്കുകയും അന്നത്തെ ചീഫ് ജസ്റ്റിസ് 2017 മാര്‍ച്ചില്‍ അതു കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുകയും ചെയ്തതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ അതിനോടു പ്രതികരിച്ചില്ല. സുപ്രീം കോടതി തന്നെ മുന്‍പു പുറപ്പെടുവിച്ചിട്ടുള്ള വിധിയുടെ അടിസ്ഥാനത്തില്‍, സര്‍ക്കാരിന്റെ മൗനത്തെ സമ്മതമായി കണക്കാക്കി, എംഒപി അവര്‍ അംഗീകരിച്ചതായി കാണാവുന്നതേയുള്ളൂ.

2017 ജൂലൈ നാലിന് ഈ കോടതിയിലെ ഏഴംഗ ബെഞ്ചാണു ജസ്റ്റിസ് സി.എസ്. കര്‍ണന്‍ (2017) 1 എസ്‌സിസി1) കേസില്‍ തീരുമാനമെടുത്തത്. ആ തീരുമാനത്തില്‍ (ആര്‍പി ലുത്ര കേസില്‍ പരാമര്‍ശിച്ചത്) ഞങ്ങളില്‍ രണ്ടുപേര്‍ നിരീക്ഷിച്ചതു ജഡ്ജിമാരുടെ നിയമന പ്രക്രിയ പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഇംപീച്മെന്റ് അല്ലാതെ തെറ്റുതിരുത്തലിനു കുറ്റമറ്റ സംവിധാനം ഉണ്ടാക്കണമെന്നുമായിരുന്നു. എംഒപിയുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നവും ചീഫ് ജസ്റ്റിസിന്റെ യോഗത്തിലും മുഴുവന്‍ കോടതിയിലുമാണു ചര്‍ച്ച ചെയ്യേണ്ടത്. ഇത്രയും സുപ്രധാനമായ ഒരു വിഷയം, അതിന്റെ നിയമവശം പരിശോധിക്കേണ്ടി വരുമ്പോള്‍, നിര്‍ബന്ധമായും ഭരണഘടനാ ബെഞ്ച് തന്നെയാണു കൈകാര്യം ചെയ്യേണ്ടത്.

ഇന്ത്യയുടെ ബഹുമാന്യ ചീഫ് ജസ്റ്റിസ് പ്രശ്‌നം പരിഹരിക്കാന്‍ ബാധ്യസ്ഥനാണ്. കൊളീജിയത്തിലെ മറ്റെല്ലാ അംഗങ്ങളുമായി പൂര്‍ണ ചര്‍ച്ചയ്ക്കുശേഷം വേണം പരിഹാര മാര്‍ഗം സ്വീകരിക്കാന്‍. അടുത്ത ഘട്ടത്തില്‍, ആവശ്യം വന്നാല്‍, ഈ കോടതിയിലെ മറ്റു മുഴുവന്‍ ജഡ്ജിമാരുമായും ചര്‍ച്ച ചെയ്യണം.

2017 ഒക്ടോബര്‍ 27നു ലുത്ര കേസ് ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഗണിച്ചുകഴിഞ്ഞാല്‍, ആവശ്യമെങ്കില്‍ ഈ കോടതി പാസാക്കിയ മറ്റ് ഉത്തരവുകളും ഞങ്ങള്‍ താങ്കളെ അറിയിക്കാം.
ക്ഷേമാശംസകളോടെ,
ജസ്റ്റിസ് ജെ. ചെലമേശ്വര്‍,
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്,
ജസ്റ്റിന്‍ മദന്‍ ബി. ലോക്കുര്‍,
ജസ്റ്റിസ് കുര്യന്‍ ജോസഫ്