ഇനി മുതല്‍ തടവുകാര്‍ക്കും അവയവങ്ങള്‍ ദാനം ചെയ്യാം

0
62

തിരുവനന്തപുരം: കേരളത്തിലെ തടവുകാര്‍ക്ക് ഇനി അവയവങ്ങള്‍ ദാനം ചെയ്യാം. അടുത്ത ബന്ധുക്കള്‍ക്കാണ് അവയവങ്ങള്‍ നല്‍കാനാവുക.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. അവയവദാനത്തിനായി കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതി വേണം. കേരളാ ജയില്‍ തിരുത്തല്‍ സേവന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

അവയവദാനത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാലഘട്ടം പരോള്‍ കാലമായാകും കണക്കാക്കുക. ആശുപത്രി ചിലവുകള്‍ ജയില്‍ അധികൃതരാകും നോക്കുക.

ഒരു കുടുംബാംഗത്തിന് വൃക്ക ദാനം ചെയ്യാനുള്ള കണ്ണൂര്‍ തടവുകാരനായ പി.സുകുമാരന്റെ അപ്പീലാണ് മാതൃകാപരമായ തീരുമാനത്തിന് കാരണമായത്. പക്ഷേ പി.സുകുമാരന്‍ അവയവദാനം നല്‍കേണ്ടിയിരുന്ന രോഗി തീരുമാനമുണ്ടാകുന്നതിന് മുമ്പ് മരിച്ചു.

കൂടാതെ രണ്ട് ജയില്‍ അന്തേവാസികള്‍ അവയവദാനത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.