ഒരു വയോവൃദ്ധ ‘സോഷ്യലിസ്റ്റി’ന്റെ വാര്‍ധക്യകാല വിനോദങ്ങള്‍

0
152

കെ.ശ്രീജിത്ത്‌

ജെഡിയു ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുന്നു. ഇടതുമുന്നണിയാകട്ടെ അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ കുറച്ച് കാലമായി ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ അത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. യുഡിഎഫില്‍ നിന്നുകൊണ്ട് തന്നെ എല്‍ഡിഎഫ് പ്രവേശനം സാധ്യമാക്കാന്‍ ജെഡിയു അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഒരു മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ മറുകണ്ടം ചാടാനുള്ള മെയ് വഴക്കം അദ്ദേഹത്തിന് പണ്ടേ കൈമുതലായിട്ടുണ്ടല്ലോ.

ജനതാദള്‍ സെക്യുലറിലായിരുന്ന വീരേന്ദ്രകുമാര്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗത്തോടൊപ്പം അടര്‍ന്നുപോവുകയും സോഷില്യസ്റ്റ് ജനത എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേരുകയും ചെയ്തു. എന്നാല്‍ യുഡിഎഫിലെത്തിയ ശേഷം ദേശീയതലത്തിലുണ്ടായ സംഭവ വികാസങ്ങളെത്തുടര്‍ന്ന് 2014ല്‍ സോഷ്യലിസ്റ്റ് ജനത നിതീഷ് കുമാറിന്റെയും ശരത് യാദവിന്റെയും ജനതാദള്‍ യുണൈറ്റഡില്‍ ലയിച്ച് ദേശീയ പാര്‍ട്ടിയാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബിഹാറില്‍ ലാലുപ്രസാദ് യാദവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ പാര്‍ട്ടിയിലെ ശരത് യാദവ് വിഭാഗം പിളര്‍ന്ന് മാറി. വീരേന്ദ്രകുമാര്‍ ശരത് യാദവിനൊപ്പം നിലയുറപ്പിച്ചു. അപ്പോള്‍ കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായി നിന്നുകൊണ്ട് അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഉടന്‍ അദ്ദേഹത്തില്‍ കലശലായ ധാര്‍മിക ബോധം ഉണരുകയും ബിജെപിയോടൊപ്പമുള്ള ജനതാദള്‍ യുണൈറ്റഡിന്റെ രാജ്യസഭാ എംപിയായി തുടരുന്നത് ശരിയല്ല എന്ന ‘ആദര്‍ശ’ നിലപാടിന്റെ ഭാഗമായി അദ്ദേഹം എംപി സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. ഇവിടെ യുഡിഎഫിലെ കക്ഷികളുടെ വോട്ട് നേടി ജയിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം അക്കാര്യം ഓര്‍മിപ്പിച്ചെങ്കിലും ‘ആദര്‍ശ ഭ്രാന്ത് ‘ മൂലം അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. യുഡിഎഫ് വിടുമ്പോള്‍ എന്തായാലും എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ‘അപ്പോള്‍ പിന്നെ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ട’ത്തില്‍ അണിചേരുന്നതിന് സ്ഥാന ത്യാഗം എന്ന മഹാത്യാഗത്തിന് ഒരുങ്ങി എന്ന് മാലോകരെ ബോധ്യപ്പെടുത്താമെന്ന് അദ്ദേഹം കണക്കുകൂട്ടി. അതായത് ഒരു വെടിയ്ക്ക് രണ്ട് പക്ഷി!

‘എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ് ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം’ എന്നാണ് യുഡിഎഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞത്. ഇതുകേട്ട് സാമാന്യജനം ചിരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. കാരണം ഇപ്പോഴാണോ അദ്ദേഹത്തിന് ഇത് മനസിലായത്? എങ്കില്‍ പിന്നെ അദ്ദേഹം എന്തേ നേരത്തെ വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നത്? അവിടെപ്പോയാല്‍ എന്തെങ്കിലും കൂടുതല്‍ അധികാരത്തിന്റെ കഷ്ണങ്ങള്‍ ലഭിക്കുമെന്ന് കണക്കുകൂട്ടി. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍, അധികാര രാഷ്ട്രീയത്തില്‍ അപ്രസക്തരായപ്പോള്‍ മാത്രമാണോ അദ്ദേഹത്തിന് പെട്ടെന്ന് ‘അയ്യോ ഞാന്‍ ഇടതുപക്ഷക്കാരനാണല്ലോ’ എന്ന് ബോധോദയമുണ്ടായത്? കേരളത്തിലെ പൊതുസമൂഹം വിഡ്ഢികളാണെന്നാണ് വീരേന്ദ്രകുമാര്‍ കരുതുന്നതെങ്കില്‍, അത് വീരേന്ദ്രകുമാറിന്റെ മാത്രം തോന്നലാണ്.

ഇത്രമാത്രം ‘ആദര്‍ശ ഭ്രാന്ത് ‘ ഉള്ള അദ്ദേഹം എന്തിനാണ് 2009ല്‍ എല്‍ഡിഎഫ് വിട്ടത്? ‘ഞാന്‍ രാംമനോഹര്‍ ലോഹ്യയുടെ ശിഷ്യനാണ് ‘ എന്ന് ഇടയ്ക്കിടെ ഉരുവിടാറുള്ള അദ്ദേഹം അന്നെന്തേ ഇടത്, ബുദ്ധിജീവി പരിവേഷം വേണ്ടെന്ന് വെച്ചു? 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് സിപിഎം കട്ടായം പറഞ്ഞതല്ലെ അദ്ദേഹത്തിന്റെ അന്നത്തെ മുന്നണി മാറ്റത്തിന് കാരണം. ഇത് ആര്‍ക്കാണ് അറിയാത്തത്? കേവലം ഒരു അധികാരസ്ഥാനത്തിനുവേണ്ടി, ഒരു ലോക്‌സഭാ സീറ്റിനുവേണ്ടി ലോഹ്യയുടെ ശിഷ്യനെന്തേ ആദര്‍ശം മറന്നു? കോഴിക്കോടോ വടകരയിലോ സീറ്റ് കിട്ടാന്‍ വേണ്ടി അന്ന് വീരേന്ദ്രകുമാര്‍ സകല അഭ്യാസവും നടത്തിയതല്ലെ? എന്നാല്‍ പിണറായി സംസ്ഥാന സെക്രട്ടറിയായ സിപിഎം അന്ന് തുലോം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അതിന് മറുപടിയായി അദ്ദേഹം എന്താണ് ചെയ്തത്? കോഴിക്കോട് മുഹമ്മദ് റിയാസിനെയും വടകരയില്‍ പി.സതീദേവിയേയും തോല്പിക്കാന്‍, പിന്നില്‍ നിന്ന് കുത്തിയില്ലേ? എന്നിട്ട് ആ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ അതിന്റെ ആള് ഞമ്മാളാണെന്ന് എട്ടുകാലി മമ്മൂഞ്ഞ് കളിച്ചിട്ടല്ലെ അന്ന് യുഡിഎഫില്‍ കയറിപ്പറ്റിയത്. അതിന് താന്‍ മുതലാളിയായ ‘മാതൃഭൂമി’ പത്രം യഥേഷ്ടം ഉപയോഗിച്ചു. ഒരു സീറ്റിനുവേണ്ടി മുന്നണി വിട്ടവര്‍ ഇന്ന് ‘ആദര്‍ശം’ പ്രസംഗിക്കുമ്പോള്‍ ജനം ചിരിക്കുകയല്ലാതെ എന്ത് ചെയ്യും? വലതുപക്ഷ നയങ്ങളെ എതിര്‍ത്ത് ഇടത് ബുദ്ധിജീവി ചമഞ്ഞിരുന്ന വീരേന്ദ്രകുമാര്‍ രായ്ക്കുരാമാനം വലതുപക്ഷത്തിന്റെ സ്തുതിപാഠകനായില്ലെ?

ആദ്യം കുറേകാലം കോണ്‍ഗ്രസ് ചുമന്നുനടന്നെങ്കിലും ഒരു കാര്യവുമില്ലെന്ന് മനസിലാക്കിയ അവര്‍ വലിച്ചുതാഴെയിട്ടു. 2014ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് തകര്‍ന്നുതരിപ്പണമായി. പിന്നെ കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യം കൊണ്ട് തോറ്റ് അധികം കഴിയാതെ തന്നെ രാജ്യസഭാ സീറ്റ് ഒപ്പിച്ച് ജനകീയ കോടതിയുടെ പരീക്ഷണമില്ലാതെ പാര്‍ലമെന്റിലെത്തി. അങ്ങിനെ അധികാരത്തിന്റെ ഒരു കഷ്ണം ഏതുവിധേനയും നേടിയെടുത്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിലെല്ലാം എട്ടുനിലയില്‍ പൊട്ടി തെക്കും വടക്കും നടക്കേണ്ട അവസ്ഥയായി. മുഖ്യധാരാ രാഷ്ട്രീയത്തില്‍ അധികാരമില്ലാത്ത, ഒരു നിയമസഭാംഗം പോലുമില്ലാത്ത പാര്‍ട്ടിയായി ഗതിപിടിക്കാതെ അലഞ്ഞുനടന്ന് തുടങ്ങിയപ്പോഴാണ് ഇടതുമുന്നണിയില്‍ വന്നാല്‍ കൊള്ളാമെന്ന് തോന്നുന്നത്. അല്ലാതെ ‘ഇരുള്‍ പരക്കും കാല’ത്ത് ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ വേണ്ടിയൊന്നുമല്ല. അത് നാട്ടുകാര്‍ക്കുമറിയാം.

സ്വന്തമായി പത്രവും ചാനലുമുള്ളതിനാല്‍ എല്ലാ മുന്നണികളും കൂടെക്കൂട്ടാന്‍ ശ്രമിക്കുമെന്ന് അറിയാം. അതാണ്, അതുമാത്രമാണ് കച്ചിത്തുരുമ്പ്. പാര്‍ട്ടിയുടെ ശക്തി കൊണ്ട് എവിടെയും കയറിപ്പറ്റാനാകില്ലെന്ന് വീരേന്ദ്രകുമാറിനെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. യുഡിഎഫില്‍ നിന്ന് പിഴയ്ക്കാനോ എന്തെങ്കിലും അധികാര സ്ഥാനം ലഭിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് മനസിലായി. അപ്പോള്‍ വീണ്ടും മറുകണ്ടം ചാടി. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമായി പല കഷ്ണങ്ങളായി മുറിക്കപ്പെട്ട ജനതാപരിവാറുകാരുടെ അനേകം നേതാക്കളില്‍ ഒരാള്‍ മാത്രമാണ് വീരേന്ദ്രകുമാര്‍. ഉത്തരേന്ത്യയില്‍ യാദവന്‍മാര്‍ കാണിക്കുന്ന തോന്നിവാസത്തിന്റെ നൂറിലൊന്നെങ്കിലും ഇവിടെ കാണിക്കണമല്ലോ? അല്ലെങ്കില്‍ മോശമല്ലെ? കര്‍ണാടകയില്‍ ദേവഗൗഡയും മകനും കൂടി അവരുടെ വഴിയ്ക്കും പരമാവധി ചീത്തപ്പേര് സമ്പാദിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ കേരളത്തില്‍ അച്ഛനും മകനും എങ്ങിനെയാണ് വെറുതെയിരിക്കാനാവുക? ചുരുങ്ങിയത് ഇടയ്ക്കിടെ കാലുമാറുകയെങ്കിലും വേണ്ടെ?

എല്‍ഡിഎഫില്‍ നിന്ന് പുറത്തുവന്ന് യുഡിഎഫിന്റെ ഭാഗമായപ്പോള്‍ പിണറായി വിജയനെയും സിപിഎമ്മിനെയും ചീത്ത വിളിക്കാത്ത ദിവസമുണ്ടായിരുന്നില്ല. പത്രം വഴി ആവശ്യത്തിനും അനാവശ്യത്തിനും ‘ലാവ് ലിന്‍’ എന്ന വാള്‍ എടുത്ത് വീശുകയായിരുന്നല്ലോ. ഇതൊന്നും ആര് മറന്നാലും സിപിഎം മറക്കുമെന്ന് കരുതാന്‍ വയ്യ. കാരണം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്രം അതാണ്. ഈ ഫ്യൂഡല്‍ ‘താന്‍പ്രാമാണിത്തം’ ഒന്നും അവിടെ നടക്കാന്‍ പോകുന്നില്ല.

ഒരുകാലത്ത് നിത്യേനയെന്നോണം ചീത്ത വിളിച്ചുകൊണ്ടിരുന്ന ആ പിണറായിയുടെ കാല്‍ച്ചുവട്ടിലേയ്ക്കാണ് ഇനി വീരേന്ദ്രകുമാര്‍ പോകുന്നത്. മുമ്പുള്ളതിനേക്കാള്‍ ഇരട്ടി ശക്തിയുള്ള, ‘ലാവ് ലിന്‍’ വിമുക്തനായ പിണറായിയുടെ അടുത്തേയ്ക്ക്. ഒരു വയോവൃദ്ധന്റെ വിനോദങ്ങള്‍ അവിടെ എത്ര കണ്ട് വിലപ്പോകുമെന്ന് കണ്ടുതന്നെ അറിയാം.