കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനാല്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ചെന്നിത്തല

0
59

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക കിട്ടാത്തതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവം ദാരുണമാണെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്.

മനോദൗര്‍ബല്യമുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെന്‍ഷന്‍. അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ഇത് ഈ വീട്ടമ്മയുടെ മാത്രം അവസ്ഥയല്ല. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്.

വൃദ്ധരും അവശരുമായ മിക്കവരും മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണ്. ഈ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും പണമുണ്ട്.ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്നമായി കണ്ട് സര്‍ക്കാര്‍ കണ്ണ് തുറന്ന് നിരാലംബരായ കെഎസ്ആര്‍ടിസിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണണം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.