കൗമാര ക്രിക്കറ്റ് ലോകകപ്പിന് തുടക്കം: പ്രതീക്ഷയോടെ ഇന്ത്യ

0
56

വെല്ലിങ്ടണ്‍: കൗമാര പോരിനൊരുങ്ങി ക്രിക്കറ്റ് ലോകം. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റിന് ശനിയാഴ്ച ന്യൂസിലന്‍ഡില്‍ തുടക്കം. 16 ടീമുകളാണ് ഇത്തവണ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇത് മൂന്നാം തവണയാണ് കൗമാര ക്രിക്കറ്റ് ലോകകപ്പിന് ന്യൂസിലന്‍ഡ് വേദിയാകുന്നത്. അടുത്തമാസം മൂന്നിനാണ് ലോകകപ്പ് ഫൈനല്‍.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന എ ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. സി ഗ്രൂപ്പിലെ മല്‍സരത്തില്‍ ബംഗ്ലാദേശ് നമീബിയയെ നേരിടും. എ ഗ്രൂപ്പില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസാണ് എതിരാളി. ബി ഗ്രൂപ്പിലെ മല്‍സരത്തില്‍ പാപ്പുവ ന്യൂഗിനി സിംബാവെയെ നേരിടും.
ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ ആദ്യ മല്‍സരം ഞായറാഴ്ചയാണ്. നാലാം കിരീടം ലക്ഷ്യമിട്ട് തന്നെയാകും പൃഥ്വി ഷാ നയിക്കുന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ കളത്തിലിറങ്ങുക. ഓസ്‌ട്രേലിയയ്ക്ക് പുറമേ പാപ്പുവ ന്യൂഗിനി, സിംബാവെ ടീമുകളാണ് ഇന്ത്യക്കൊപ്പം ബി ഗ്രൂപ്പിലുള്ളത്.

ബംഗ്ലാദേശില്‍ 2016ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ വിന്‍ഡീസിനോട് തോറ്റാണ് ഇന്ത്യ രണ്ടാമതായത്. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഒരുപിടി മികച്ച താരങ്ങളുണ്ട്. ക്യാപ്റ്റനു പുറമേ ഷുബ്മാന്‍ ഗില്‍, ആര്യന്‍ ജുയാല്‍, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ എന്നിവരാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന മറ്റ് താരങ്ങള്‍.