ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ നിയമവ്യവസ്ഥിതികള്‍ പോലും അട്ടിമറിക്കപ്പെടും; ശ്രീജിത്തിനുവേണ്ടി മാത്യു കുഴല്‍നാടന്‍ കോടതിയിലേക്ക്

0
80

കൊച്ചി: സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്  പിന്തുണയുമായി  പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന   പ്രസിഡന്റ്    അഡ്വ.മാത്യു കുഴല്‍നാടന്‍. ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ നിയമവ്യവസ്ഥിതികള്‍ പോലും അട്ടിമറിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ ശ്രീജിത്തിനുവേണ്ടി കോടതിയിലേക്ക് നീങ്ങുന്നതെന്ന് അദേഹം ഫേയ്സ്ബുക്കില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ വഴി ശ്രീജിത്തിന്റെ സമരത്തെ കുറിച്ചറിഞ്ഞ മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം സമരപന്തലിലെത്തി വിവരങ്ങള്‍ ആരായുകയും ശ്രീജിത്തിന് നീതി വാങ്ങി തരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

മാത്യു കുഴല്‍നാടന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ പ്രഫഷണൽ കോൺഗ്രസ്സിന്റെ ഒരു അംഗം വിളിച്ച്‌ ഒരു വീഡിയൊ അയച്ചിട്ടുണ്ട്‌ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോളാണ്‌ ഈ വിഷയത്തെപറ്റി അറിയുന്നത്‌.

തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നതിനാൽ ഇതെന്റെ നിജസ്ഥിതി അറിയാമെന്നുള്ള ഉദ്ദേശത്തിലാണ്‌ അവിടേക്ക്‌ എത്തിയത്‌. ചെല്ലുമ്പോൾ കുറേ ആളുകൾ അവിടെയുണ്ട്‌. അതിൽ ഒരു സ്ത്രീ വളരെ വൈകാരികപരമായാണ്‌ ഇതിനെ പറ്റി എന്നോട്‌ സംസ്സാരിച്ചത്‌.

കാര്യങ്ങളുടെ വിശദാംശംങ്ങൾ ചോദിച്ചപ്പോളാണ്‌. 761 ദിവസമായി അവിടെ കിടക്കുകയാണെന്നും, തന്റെ അനുജന്റെ മരണത്തിലെ ദുരെൂഹതകളെപറ്റിയും എല്ലാം പറഞ്ഞത്‌. പോലീസ്‌ മർദ്ദനംകൊണ്ടാണ്‌ തന്റെ അനുജൻ മരിച്ചതെന്നാണ്‌ ശ്രീജിത്ത്‌ പറഞ്ഞത്‌ ഇതുമായി ബന്ധപ്പെട്ട് 2016-ൽ പോലീസ്‌ കംപ്ലെയിന്റ് അതോറിറ്റി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ച്‌ ഉത്തരവിറക്കുകയുാണ്ടായി, എന്നാൽ നാളിതുവരെ അത്‌ നടപ്പിലാക്കിയതായി കാണുന്നില്ല.

ഈ പശ്ചാത്തലത്തിലാണ്‌ സ്വന്തം അരോഗ്യം പോലും വകവെക്കാതെ കൂടപ്പിറപ്പിന്റെ നീതിക്കുവേണ്ടി ഈ ചെറുപ്പക്കാരൻ ജീവൻകൊണ്ട്‌ സമരം ചെയ്യുന്നത്‌. ഇതിന്‌ ഒരു പ്രതിവിധി എന്നോളമാണ്‌ ശ്രീജിത്തിനുവേണ്ട നിയമ സഹായങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയത്‌.

ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ നിയമവ്യവസ്ഥിതികൾ പോലും അട്ടിമറിക്കപ്പെടുന്നുണ്ട്‌ എന്നത്‌ ഏനിക്കും ബോധ്യമുള്ള ഒരു വസ്തുതതന്നെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഈ വിഷയത്തിൽ ശ്രീജിത്തിനുവേണ്ടി കോടതിയിലേക്ക്‌ നീങ്ങുന്നത്‌.