ജെഡിയു മുന്നണി വിടുന്നത് യുഡിഎഫ് ഇല്ലാതാകുന്നതിന്റെ തുടക്കമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

0
97

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ജെഡിയു മുന്നണി വിടുന്നത് യുഡിഎഫ് ഇല്ലാതാകുന്നതിന്റെ തുടക്കമാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

ജെഡിയു യുഡിഎഫ് വിടുന്നത് യുഡിഎഫിനെ ദോഷകരമായി ബാധിക്കും. യുഡിഎഫിലെ ഒരു പ്രബല കക്ഷിയാണ് ഇടതുമുന്നണിയിലേക്ക് വരുന്നത്. അത് യുഡിഎഫിനെ നല്ല രീതിയില്‍ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ തകര്‍ച്ച ആരംഭിച്ചുകഴിഞ്ഞു-പന്ന്യന്‍ പറഞ്ഞു.

ജെഡിയു കൂടി വരുന്നതോടെ ഇടതുമുന്നണി ശക്തിപ്പെടും. ജെഡിയു ശക്തമായ ഇടങ്ങളില്‍ യുഡിഎഫിന് പകരം ശക്തിപ്പെടുക ഇടതുമുന്നണിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഇതിന്റെ അനുരണനമുണ്ടാകും – പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നേരത്തെ തന്നെ ഇടതുമുന്നണിയിലുള്ള ആലോചനയാണ് ജെഡിയുവിനെ തിരിച്ചുകൊണ്ടുവരിക എന്നത്. ജെഡിയു വരുന്നത് സന്തോഷമുള്ള കാര്യമാണ്. മറ്റു പാര്‍ട്ടികള്‍ ഇടതുമുന്നണിയില്‍ നിന്നും പോകുന്നത് പോലെയല്ല ജെഡിയു പോയത്. ജെഡിയു പോയതിനു പിന്നില്‍ തക്കതായ കാരണം ഉണ്ടായിരുന്നു. ആ കാരണങ്ങളെ ചൊല്ലി ഒരുപാട് ചര്‍ച്ചകള്‍ മുന്നണിയിലും പാര്‍ട്ടിയിലും നടന്നിരുന്നു. ജെഡിയു ഇടതുമുന്നണിയില്‍ തുടരേണ്ട പാര്‍ട്ടിയാണ് എന്നാണ് സിപിഐയുടെ അഭിപ്രായം. ജെഡിയു ഇടതുമുന്നണിയില്‍ വേണം എന്നത് മുന്നണിയുടെ പൊതുതീരുമാനമാണ്-പന്ന്യന്‍ വ്യക്തമാക്കി.

മറ്റ് പാര്‍ട്ടികളെ എടുക്കുന്നത് പോലെയല്ല ജെഡിയുവിനെ എടുക്കുന്നത്. ഇടതുമുന്നണിയില്‍ അംഗമായിരുന്ന പാര്‍ട്ടിയാണത്. ചില പ്രശ്‌നങ്ങളുടെ പേരില്‍ ജെഡിയു ഇടത് മുന്നണി വിടുകയായിരുന്നു. പുതിയ പാര്‍ട്ടികളെ എടുക്കണമെങ്കില്‍ അത് മുന്നണിയ്ക്കകത്ത് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. ജെഡിയുവിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല. ജെഡിയു ഇടതുമുന്നണിയിലേയ്ക്ക് വരുന്നത് തീര്‍ത്തും സന്തോഷമുള്ള കാര്യമാണ്-പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ജെഡിയു ഇടതുമുന്നണിയിലേയ്ക്ക് പോവുകയാണെന്ന തീരുമാനം എംപി വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചത്. യുഡിഎഫില്‍ ചേര്‍ന്നതുകൊണ്ട് ജെഡിയുവിന് നഷ്ടം മാത്രമാണ് ഉണ്ടായത്. എന്നാല്‍ യുഡിഎഫിന് നേട്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ജെഡിയു യുഡിഎഫിനോട് രാഷ്ട്രീയ നന്ദികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ് ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞത്.