ട്രംപിന് പോണ്‍ നായികയുമായി ബന്ധം: വിവരം മറച്ചുവെയ്ക്കാന്‍ പണം നല്‍കി

0
76

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി പോണ്‍ നായിക സ്റ്റെഫാനി ക്ലിഫോര്‍ഡ്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകന്‍ 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) സ്റ്റെഫാനിക്ക് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മെലാനിയയുമായുള്ള വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ട്രംപ്, സ്റ്റെഫാനി ക്ലിഫോര്‍ഡെന്ന സ്റ്റോമി ഡാനിയേലിനെ കാണുന്നത്. 2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എബിസി ന്യൂസി’നോടു സംസാരിക്കാന്‍ സ്റ്റെഫാനി തയാറായി. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ട്രംപിന്റെ നീണ്ടകാല അഭിഭാഷകന്‍ മിഷേല്‍ കോഹെന്‍ ആണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്‍ വഴി പണം കൈമാറിയത്.

അതേസമയം, ഈ റിപ്പോര്‍ട്ടുകള്‍ കോഹെനും സ്റ്റെഫാനിയും നിഷേധിച്ചു. ട്രംപുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സ്റ്റെഫാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് കോഹെന്‍ പറഞ്ഞു. അതിനിടെ വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പഴയതാണെന്നും അതില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ചുംബിച്ചും ദുരുദ്ദേശ്യത്തോടെ തലോടിയും ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മറ്റ് അഞ്ചു സ്ത്രീകളും മുന്‍പ് ട്രംപിനെതിരെ രംഗത്തുവന്നിരുന്നു.