നീതിക്കും നീതിപീഠത്തിനും വേണ്ടി നിലകൊണ്ടു: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

0
58

കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കി ഇദ്ദേഹമടക്കമുള്ള സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന  ജഡ്ജിമാര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കാര്യങ്ങള്‍ ഇതോടെ സുതാര്യമാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളെ അറിയിച്ചു.

സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ന്യായാധിപന്മാര്‍ നേരിട്ടു മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ചീഫ് ജസ്റ്റിസിനെതിരെ ആഞ്ഞടിച്ചതു നിയമ, രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കി.

പ്രധാന കേസുകള്‍ ഏത് ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങളെയാണ് ജഡ്ജിമാര്‍ മുഖ്യമായും വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്ന് രണ്ടുമാസം മുന്‍പ് ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്ജിമാര്‍ പരസ്യപ്പെടുത്തി. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണ സാഹചര്യമാണിതെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു.