‘പറയാന്‍ അധികാരമുണ്ട് സര്‍, ഞാന്‍ പൊതുജനമാണ് സര്‍… ‘

0
137

ശ്രീജിത്തിന്റെ നീതിക്കായുള്ള പോരാട്ടം ആരംഭിച്ചിട്ട് 764 ദിവസങ്ങള്‍ പിന്നിടുന്നു. ഇതിനിടയില്‍ രണ്ട് ഭരണപാര്‍ട്ടികള്‍ മാറി മാറി കേരളം ഭരിച്ചിട്ടും സെക്രട്ടറിയേറ്റിന് മുന്നിലെ സ്ഥിരം കാഴ്ചക്കാരനായി ശ്രീജിത്ത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് കുറെയധികം സ്വാധീനം ചെലുത്താനായിട്ടുണ്ട്.
ഒട്ടനവധി യുവതീയുവാക്കളാണ് ഇപ്പോള്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എത്തുന്നത്. ഈ സാഹചര്യത്തെ രാഷ്ട്രീയ മുതലെടുപ്പാക്കാനായും ശ്രമങ്ങള്‍ തുടരുന്നുണ്ട്. 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് ശ്രീജിത്ത് ആദ്യമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭരണമാറ്റം ഉണ്ടായിട്ടും ശ്രീജിത്തിന് നീതി അന്യമായി.

ശ്രീജിത്തിനെ ഇന്ന് സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊതുജനം തന്നെ മറുപടി നല്‍കുന്നത് ഈ സാഹചര്യത്തിലാണ്. ഹൈക്കോടതിയില്‍ പോകാനായി നിയമസഹായം തേടാമെന്നും അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യാമെന്നും ആശ്വസവാക്കുകള്‍ ചൊരിഞ്ഞ് നില്‍ക്കുമ്പോഴാണ് ജനക്കൂട്ടത്തില്‍ നിന്ന് ശ്രീജിത്തിന്റെ സുഹൃത്താണെന്ന് പറഞ്ഞുകൊണ്ട് ഒരു യുവാവ് എത്തിയത്. ‘ഞാനൊരു സംശയം ചോദിച്ചോട്ടെ സര്‍, താങ്കള്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. സാറിന്റെ മുമ്പില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അന്ന് സര്‍ പറഞ്ഞ മറുപടി എനിക്കോര്‍മയുണ്ട്. റോഡില്‍ കിടക്കുമ്പോള്‍ പൊടിയടിക്കും, കൊതുകു കടിക്കുമെന്നൊക്കെയാണ് അന്ന് സര്‍ പറഞ്ഞിരുന്നത്. അതാണോ സര്‍ സഹായം’ യുവാവിന്റെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നില്‍ പകച്ചു പോയ രമേശ് ചെന്നിത്തല ‘ഇയാള്‍ വര്‍ത്തമാനമൊന്നും പറയണ്ട’ എന്ന് പ്രതികരിച്ചപ്പോള്‍ ‘പറയാന്‍ അധികാരമുണ്ട് സര്‍, ഞാന്‍ പൊതുജനമാണ് സര്‍, ഞാന്‍ അവന്റെ സുഹൃത്താണ്. അവന് നീതി കിട്ടണം’ എന്ന് ധീരമായി മറുപടി നല്‍കി യുവാവ്.

ഇയാള്‍ ആവശ്യമില്ലാത്ത കാര്യമൊന്നും സംസാരിക്കേണ്ട എന്ന് ചെന്നിത്തല പ്രതിരോധിക്കാന്‍ ശ്രമിച്ചതും പരാജയമായി. ആവശ്യമുള്ള കാര്യമാണ് ഞാന്‍ പറയുന്നതെന്നും ഇത് പൊതുജനം കാണുന്നുണ്ടെന്നും ജനത്തിന്റെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും യുവാവ് പറഞ്ഞത് കരഘോഷങ്ങളോടെയാണ് കൂടിനിന്നവര്‍ സ്വീകരിച്ചത്. രംഗം വഷളാകുമെന്ന് മനസ്സിലാക്കിയ രമേശ് ചെന്നിത്തല അല്‍പനേരം നിശബ്ദനായിട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കായി തിരിഞ്ഞു.