പാകിസ്ഥാനെ 74 റണ്‍സിന് പിഴുതെറിഞ്ഞു: ന്യൂസിലന്‍ഡിന് 183 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

0
48

ഡുണേഡിന്‍: പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഗംഭീര വിജയം. കേവലം 74 റണ്‍സിന് പാകിസ്ഥാനെ എറിഞ്ഞിട്ട് 183 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു ന്യൂസിലന്‍ഡ്. 258 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ വെറും 74 റണ്‍സിന് ന്യൂസിലന്‍ഡ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 5 പാക് വിക്കറ്റുകള്‍ പിഴുത ട്രെന്റ് ബൗള്‍ട്ടാണ് പാക് ബാറ്റിംഗിന്റെ മുനയൊടിച്ചത്. ബൗള്‍ട്ട് തന്നെയാണ് കളിയിലെ കേമനും. ഈ വിജയത്തോടെ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി.

ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(73), റോസ് ടെയിലര്‍(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ട്ടിന്‍ ഗുപ്ടില്‍(45), ടോം ലാഥം(35) എന്നിവരുടെ സംഭാവനകളുമുണ്ടായിരിന്നുവെങ്കിലും പാക് ബൗളര്‍മാര്‍ ന്യൂസിലന്‍ഡിനെ 257 റണ്‍സിനു പുറത്താക്കുകയായിരുന്നു.
209ന് 3 എന്ന നിലയില്‍ നിന്ന് ന്യൂസിലന്‍ഡ് 257 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. റുമ്മാന്‍ റയീസ്, ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷദബ് ഖാന്‍ 2 വിക്കറ്റും ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും സ്വന്തമാക്കി. പാക് ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ട്രെന്റ് ബൗള്‍ട്ട് കടപുഴകുകയായിരുന്നു. 32/8 എന്ന നിലയിലേക്ക് തകര്‍ന്ന പാകിസ്ഥാനെ വാലറ്റം നടത്തിയ ചെറുത്ത് നില്‍പ്പാണ് 74 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായ പാക്കിസ്ഥാന്‍ പിന്നീട് മത്സരത്തില്‍ ഒരിക്കല്‍ പോലും പൊരുതുവാന്‍ ശ്രമിച്ചില്ല. റുമ്മാന്‍ റയീസ് 16 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയപ്പോള്‍ മുഹമ്മദ് അമീര്‍ 14 റണ്‍സ് നേടി. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 14 റണ്‍സുമായി പുറത്താകാതെ നിന്നു.