പ്രതിഷേധിക്കാന്‍ കറുപ്പ് നിറം ഉപയോഗിക്കുന്നത് സിപിഎമ്മിന്റെ വംശീയതയെന്ന് വി.ടി.ബല്‍റാം

0
93

വിവാദമായ ഫെയ്‌സ്ബുക്ക് കുറിപ്പിന് ശേഷം വിടി ബല്‍റാം എംഎല്‍എ വീണ്ടും പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്ത്. നേരത്തെ എകെജിയ്‌ക്കെതിരെ ബല്‍റാം കൊടുത്ത ഫെയ്‌സ്ബുക്ക് കുറിപ്പ് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ബല്‍റാമിന്റെ വിവാദ പരമാര്‍ശങ്ങളെ തുടര്‍ന്ന് സമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. പ്രതിഷേധം അറിയിക്കാന്‍ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കണം എന്നായിരുന്നു തീരുമാനം. ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ വിടി ബല്‍റാം വീണ്ടും ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധാര്‍ത്ഥമായി കറുപ്പ് നിറത്തെ തന്നെ തിരഞ്ഞെടുത്തത് ശുദ്ധ വംശീയതയായാണ് ബല്‍റാം ചിത്രീകരിച്ചിരിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണബോധമാണ് വ്യക്തമാക്കുന്നതെന്നും ബല്‍റാം ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നാളെ സോഷ്യല്‍ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണ്.

സോഷ്യല്‍ മീഡിയയിലെ വംശീയവാദികള്‍ക്ക് ലാല്‍സലാം

അതേ സമയം കമന്റ് ബോക്‌സില്‍ വിടിബല്‍റാം പ്രതിഷേധാര്‍ത്ഥമായി മുമ്പ് കരിങ്കൊടി പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതും യുഡിഎഫ് കരിദിനം ആചരിച്ചതും എല്ലാം ഉള്‍പ്പെടുത്തിയുള്ള ട്രോള്‍ മഴയാണ് നിറയുന്നത്.