പ്രധാനമന്ത്രിയുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു

0
41

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി. ദീപക് മിശ്രയുടെ വീട്ടിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എത്തിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ജഡ്ജിമാര്‍ ചെയ്തത് ശരിയായില്ലെന്ന അഭിപ്രായവുമായി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് രംഗത്തെത്തി.

അതേസമയം സുപ്രീംകോടതിക്കെതിരെ ഒരു കൂട്ടം ജസ്റ്റിസുമാര്‍ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തു വന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്.
വിവാദ വാര്‍ത്താ സമ്മേളനത്തിന് ശേഷം ദീപക് മിശ്ര എ.ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ചെലമേശ്വര്‍ എന്നിവരായിരുന്നു ഇന്നലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് മാധ്യമങ്ങളെ കണ്ട് സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതിന് മറുപടി പറയാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസുമാരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ സമവായ ശ്രമമെന്നോണം ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി.