മുംബൈ ഹെലികോപ്റ്റര്‍ അപകടം: 4 മരണം, കാണാതായവരില്‍ മലയാളികളും

0
59

മുംബൈ: മുംബൈയില്‍നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു. 3 മലയാളികള്‍ ഉള്‍പ്പെടെ 7 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലില്‍ നാല്
മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് 3 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഒഎന്‍ജിസി ഉദ്യോഗസ്ഥരായ വി.കെ.ബിന്ദുലാല്‍ ബാബു, ജോസ് ആന്റണി ,പി.ശ്രീനിവാസന്‍ എന്നിവരാണ്‌ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍. ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിന് സമീപമായിരുന്നു അപകടം.

തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) അറിയിച്ചു. രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡില്‍നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി അറിയിച്ചു.

പവന്‍ ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഏഴുവര്‍ഷം പഴക്കമുള്ള വിടിപിഡബ്ല്യുഎ ഡൗഫിന്‍ എഎസ് 365 എന്‍3 ഹെലിക്കോപ്റ്ററായിരുന്നു അത്.