വിവാദ ഭൂമി ഇടപാടിന്റെ പേരില്‍ പുതിയ സംഘടന രൂപീകരിച്ച് സഭയിലെ ഒരു കൂട്ടം വൈദികര്‍

0
46

കൊച്ചി: എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമിയിടപാട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംഘടന രൂപവത്ക്കരിച്ച് രൂപതയിലെ ഒരു കൂട്ടം വൈദികര്‍. വിശ്വാസികളുടെ കൂടി പങ്കാളിത്തത്തോടെയാണ് പുതിയ സംഘടന രൂപവത്ക്കരിച്ചിരിക്കുന്നത്. ഇതിന്റെ പ്രഥമയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു.

ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്നാണ് സംഘടനയുടെ പേര്. അത്മായരാണ് സംഘടനയുടെ ഭാരവാഹികള്‍. അതിരൂപതയ്ക്കുള്ളില്‍ നടക്കുന്ന എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണമെന്നും ഏതെങ്കിലും വൈദികനോ മെത്രാനോ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സംഘടനയുടെ നിലപാട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആരോപണവിധേയനായ ഭൂമി ഇടപാട് ഒതുക്കിത്തീര്‍ത്താല്‍ പരസ്യപ്രക്ഷോഭത്തിനൊരുങ്ങാനാണ് സംഘടനയുടെ തീരുമാനം. വിവാദ ഭൂമിയിടപാടിലൂടെ നഷ്ടപ്പെട്ടത് വിശ്വാസികളുടെ പണമാണെന്നും ഇത് വൈദികരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
ഭൂമി ഇടപാട് പ്രശ്‌നം പുറത്തേക്ക് വ്യാപിക്കാതെ ഒതുക്കിത്തീര്‍ക്കാനാണ് സീറോ മലബാര്‍ സിനഡ് യോഗം തീരുമാനിച്ചത്. മെത്രാന്‍ സമിതി രൂപീകരിച്ചതും ഈ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ഭൂമിയിടപാടില്‍ വലിയ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന തരത്തില്‍ സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്കാനിരിക്കെയാണ് വൈദികരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നത്.