ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പിന്‍ഗാമി ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്

0
66

ഋഷിദാസ്

സ്‌പേസ് ടെലിസ്‌കോപ്പുകള്‍ക്ക് ഭൗമ ടെലിസ്‌കോപ്പുകളെക്കാള്‍ കൂടുതല്‍ കൃത്യമായ പ്രപഞ്ച ദൃശ്യങ്ങള്‍ നമുക്ക് കാട്ടിത്തരാന്‍ കഴിയും. ഭൗമാന്തരീക്ഷത്തിലൂടെ വിദൂര വസ്തുക്കളില്‍ നിന്നുള്ള പ്രകാശം കടന്നു വരുമ്പോള്‍ ആ പ്രകാശം പല തരത്തിലുള്ള മങ്ങലുകള്‍ക്കും വിധേയമാക്കപ്പെടുന്നുണ്ട്. അതുമാത്രമല്ല മേഘങ്ങളും പൊടിപടലങ്ങളുമെല്ലാം ഭൂമിയില്‍ നിന്നുള്ള ആകാശ നിരീക്ഷണത്തെ പലപ്പോഴും തടസപ്പെടുത്തുകയും ചെയ്യും. അഡാപ്റ്റീവ് ഒപ്റ്റിക്‌സ് പോലുള്ള സാങ്കേതിക പരിഷ്‌കരണങ്ങള്‍ കൊണ്ടും, വളരെ വിദൂരമായ പ്രദേശങ്ങളില്‍ വന്‍ ടെലിസ്‌കോപ്പുകള്‍ സ്ഥാപിച്ചും ഭൂമിയില്‍ നിന്നുള്ള വിദൂര ദൃശ്യങ്ങളുടെ കൃത്യത വര്‍ധിപ്പിക്കാമെങ്കിലും ശൂന്യാകാശത്തു സ്ഥാപിക്കപ്പെടുന്ന ഒരു ടെലിസ്‌കോപ്പിനു കൃത്യതയിലും ആംഗുലര്‍ റെസല്യൂഷനിലും കിടനില്‍ക്കാന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന സമാനമായ ഒരു ടെലിസ്‌കോപ്പിനാവില്ല.

ഈ വസ്തുതകള്‍ നിമിത്തമാണ് തൊണ്ണൂറുകളുടെ ആദ്യം ഭ്രമണപഥത്തിലെത്തിക്കപ്പെട്ട ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് വാന നിരീക്ഷണ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായത്. ഭൗമോപരിതലയത്തില്‍ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനേക്കാള്‍ വളരെ വലിയ ടെലിസ്‌കോപ്പുകള്‍ ഉണ്ടായിരുന്നിട്ടും വിദൂര പ്രപഞ്ച വസ്തുകകളുടെ ഏറ്റവും കൃത്യതയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞത് ഹബ്ബിളിന് തന്നെ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് വിദൂര പ്രപഞ്ച വസ്തുക്കളുടെ ചിത്രങ്ങള്‍ അനുസ്യൂതം നല്‍കിക്കൊണ്ടിരിക്കുന്നു. കാലപ്പഴക്കവും, ചില ഉപകരണങ്ങളില്‍ തകരാറും നിമിത്തം ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഇപ്പോള്‍ കൃത്യതയോടെയല്ല പ്രവര്‍ത്തിക്കുന്നത്. യുഎസ് സ്‌പേസ് ഷട്ടിലുകള്‍ പിന്‍വലിക്കപ്പെട്ടതോടെ ഓര്‍ബിറ്റ് ഉയര്‍ത്തി ഹബ്ബിളിനെ ഇനി സംരക്ഷിക്കാനുമാവില്ല. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നാസ 2021 വരെ ഹബ്ബിളിനെ പ്രവര്‍ത്തിപ്പിക്കും. അതുകഴിഞ്ഞ് സോളാര്‍ ആക്ടിവിറ്റിയുടെ തീവ്രതയനുസരിച്ച് 2028നും 2040നും ഇടക്ക് ഹബിള്‍ ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിച്ച് എരിഞ്ഞടങ്ങും.

ഹബ്ബിളിന്റെയും ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെയും മുഖ്യകണ്ണാടിയുടെ താരതമ്യം

ഈ സാഹചര്യത്തിലാണ് കൂടുതല്‍ കഴിവുകളുള്ള മറ്റൊരു സ്‌പേസ് ടെലിസ്‌കോപ്പിന്റെ നിര്‍മാണത്തിലേക്ക് നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സംയുകതമായി നീങ്ങിയത്. പിന്നീട് കാനേഡിയന്‍ സ്‌പേസ് ഏജന്‍സിയും അവരോടൊപ്പം കൂടി അങ്ങനെയാണ് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പിന്‍ഗാമി ആയ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ നിര്‍മാണം തുടങ്ങുന്നത്. നാസയിലെ ഒരു മുന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ജയിംസ് വെബ്.

ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനേക്കാള്‍ വളരെ വലുതാണ് ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്. ഹബ്ബിളിന്റെ പ്രാഥമിക പ്രതിഫലന കണ്ണാടിയുടെ വ്യാസം 2.4 മീറ്ററാണ് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റേതാകട്ടെ 6 .5 മീറ്ററും. അതിനാല്‍ തന്നെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ്‌സിന്റെ നാലുമടങ്ങിലേറെ പ്രകാശം സ്വരൂപിക്കാന്‍ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിനാകും. ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഒരു താഴ്ന്ന ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വച്ചിരുന്നത്. ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ആകട്ടെ വിദൂരമായ ലഗ്രാണിയന്‍ ബിന്ദുവിലാണ് പ്രതിഷ്ഠിക്കപ്പെടാന്‍ പോകുന്നത്. ഹബ്ബിളിനെക്കാള്‍ ഇന്‍ഫ്രാ റെഡ് ആവൃത്തിയില്‍ ഗഗന നിരീക്ഷണം നടത്താന്‍ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിനാകും. ഇങ്ങെനെയൊക്കെയാണെങ്കിലും 11000 കിലോഗ്രാം ഭാരമുള്ള ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പകുതി ഭാരമേ ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിനുള്ളൂ.

ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ വിക്ഷേപണവും ഓര്‍ബിറ്റല്‍ പൊസിഷനും നാസയുടെ ചിത്രം

തൊണ്ണൂറുകളിലാണ് ജയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ നിര്‍മാണപദ്ധതികള്‍ക്ക് തുടക്കം കുറിക്കയുന്നത്. ഭാരിച്ച ചെലവ് കാരണം ഒരിക്കല്‍ ഈ പദ്ധതി ഏതാണ്ട് ഉപേക്ഷിക്കുക പോലുമുണ്ടായി. എന്നാലും നിരന്തരമായ ചെലവ് വര്‍ധനകള്‍ക്കിടക്കും ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് പൂര്‍ത്തീകരണത്തിനടുത്തുകൊണ്ടിരിക്കുകയാണ്. ടെലിസ്‌കോപ്പിന്റെ സുപ്രധാനമായ ഭാഗങ്ങള്‍ എല്ലാം നിര്‍മിക്കപ്പെട്ടു കഴിഞ്ഞു. യന്ത്ര ഭാഗങ്ങളുടെ അവസാന ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തൊണ്ണൂറുകളില്‍ ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ വിക്ഷേപണം 2007 ല്‍ നടക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. വളരെയധികം തവണ സാങ്കേതികവും സാമ്പത്തികപരവുമായ കാരണങ്ങള്‍ കൊണ്ട് തടസ്സപ്പെട്ട ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ വിക്ഷേപണം 2019 ല്‍ എരിയാന്‍-5 വിക്ഷേപണവാഹനം ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയില്‍ നിന്നും നടക്കുമെന്നാണ് കരുതപ്പെടുന്നത്.

ചിത്രകാരന്റെ ഭാവന

പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നാം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആകാശക്കാഴ്ചകളാകും ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് നമുക്ക് കാട്ടിത്തരാന്‍ പോകുന്നത്. ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനേക്കാള്‍ പത്തുമടങ് കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ നമുക്ക് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിലൂടെ ലഭിക്കുമെന്ന് കരുതപ്പെടുന്നു.