അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈലാക്രമണ സന്ദേശം

0
49


അമേരിക്കയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി വ്യാജ മിസൈലാക്രമണ സന്ദേശം.ഹവായി ദ്വീപിലെ ജനങ്ങള്‍ക്കാണ് സന്ദേശം ലഭിച്ചത്. മിസൈല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമുള്ള സന്ദേശമാണ് ഹവായിയെ പരിഭ്രാന്തിയിലാഴ്ത്തിയത്. മൊബൈല്‍ ഫോണിലാണ് ജനങ്ങള്‍ക്ക് സന്ദേശം ലഭിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് വ്യാജ സന്ദേശം ഹവായി ദ്വീപില്‍ പ്രചരിച്ചത്.
ഹവായിയില്‍ മിസൈല്‍ ആക്രമണത്തിന് സാധ്യത.എത്രയും പെട്ടെന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറിക്കൊള്ളുക എന്ന സന്ദേശമാണ് സ്റ്റേറ്റ് എമര്‍ജന്‍സി ഏജന്‍സിയില്‍ നിന്നും ജനങ്ങള്‍ക്ക് എത്തിയത്. വാര്‍ത്താ ചാനലുകളിലൂടെയും റേഡിയോ സ്റ്റേഷനുകളിലൂടെയും ഈ വാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്തിരുന്നു. 40 മിനിറ്റോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ വാര്‍ത്ത വ്യാജമാണെന്ന് പിന്നീടാണ് ജനങ്ങള്‍ അറിയുന്നത്.
ജീവനക്കാരില്‍ ഒരാള്‍ തെറ്റായ ബട്ടന്‍ അമര്‍ത്തിയതാണ് വ്യാജസന്ദേശം പ്രചരിക്കാന്‍ കാരണമായതെന്നും,തെറ്റായ സന്ദേശം നല്‍കിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അഡ്മിനിസ്ട്രേറ്റര്‍ വേണ്‍ മിയാഗി അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായതെന്നും മിയാഗി പറഞ്ഞു.
സംഭവത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി ഹവായി ഗവര്‍ണര്‍ ഡേവിഡ് ലെജിയും അറിയിച്ചു.