കോടിയേരിക്കും പിണറായിക്കും ജനാധിപത്യം പഥ്യമല്ല: എം.ടി. രമേശ്

0
41

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യം പഥ്യമല്ലെന്നും അത് കമ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോടിയേരിക്കും പിണറായിക്കും ഏകാധിപതികളായ ഉത്തര കൊറിയയോടും ചൈനയോടുമാണ് അടുപ്പമെന്നും രമേശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എം.ടി. രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോടിയേരി ബാലകൃഷ്ണന്‍റെ ചൈന അനൂകൂല പരാമർശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവർക്ക് അങ്ങനെയാകാനേ കഴിയൂ.

ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവർ,

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ,

ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവർ,

ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയവർ,

യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് രക്തം ദാനം ചെയ്തതിന് നേതാക്കൾക്കെതിരെ നടപടി എടുത്തവർ,

അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ തള്ളിപ്പറഞ്ഞവർ,

സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുക്കാൻ കോപ്പു കൂട്ടിയവർ,

കെ ജി ബി ചാരൻമാരായി ഇന്ത്യൻ സൈന്യത്തിലും ഭരണ രംഗത്തും നുഴഞ്ഞു കയറ്റം നടത്തിയവർ,

ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരുന്നത് തടയാൻ ശ്രമിച്ചവർ,

കശ്മീർ പാകിസ്ഥാന് നൽകണമെന്ന് വാദിച്ചവർ,

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ പോലും അവർക്കൊപ്പം നിന്നവർ,

ഇന്ത്യൻ പട്ടാളത്തിൽ രഹസ്യ യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചവർ,

കശ്മീർ വിഘടനവാദികൾക്ക് എല്ലാ പിന്തുണയും നൽകുന്നവർ,

ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാദ്യം മുഴക്കുന്നവർ,

ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവർക്ക് കുട പിടിക്കുന്നവർ,

അവർ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.???

കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്‍റെ കുഴപ്പമാണ്.

സഖാക്കളേ മുന്നോട്ട്…..