ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു; ഒരു പാപ്പാന് കുത്തേറ്റു

0
45


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു. ആനത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണനാണ് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊമ്പന്‍ വിഷ്ണുവാണ് ഇടഞ്ഞത്. ഇതിനിടെ മറ്റ് രണ്ട് ആനകള്‍ ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്പന്‍ പീതാംബരനും പിടിയാനയായ ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. ഈ ആനകളെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞമാസം പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാനായ സുഭാഷ് മരിക്കുകയും ചെയ്തിരുന്നു. ക്ഷേത്രചടങ്ങുകള്‍ നടക്കുന്നതിനിടെ ശ്രീകൃഷ്ണന്‍, രതികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ക്ഷേത്രത്തിലെ ആനത്താവളത്തില്‍ ആനകള്‍ വിരണ്ടതും പാപ്പാന് കുത്തേറ്റതും.