ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സംശയമില്ല: ഇനിയും ശല്യപ്പെടുത്തരുതെന്ന് ലോയയുടെ മകന്‍

0
66

മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം രാഷ്ട്രീയവത്കരിക്കരിച്ചതായി മകന്‍ അനൂജ് ലോയ. ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും കുടുംബാംഗങ്ങളെ ചിലര്‍ ശല്യം ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ മകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യമായി തങ്ങളെ ശല്യം ചെയ്യുകയാണെന്നും കുടുംബത്തില്‍ ഭീതി പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അനുജ് പറഞ്ഞു. ദയവായി തങ്ങളെ ശല്യപ്പെടുത്തരുതെന്ന് സംഘടനകളേയും അഭിഭാഷകരേയും സന്നദ്ധ പ്രവര്‍ത്തകരേയും അറിയിക്കണമെന്ന് മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകനോടൊപ്പമായിരുന്നു അനുജ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

‘മരണത്തില്‍ എനിക്ക് സംശയമില്ല. നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല. അച്ഛന്‍ മരിക്കുന്ന സമയത്ത് എനിക്ക് 17 വയസായിരുന്നു. ഞാന്‍ വൈകാരിക സംഘര്‍ഷത്തില്‍പ്പെട്ട സമയമായിരുന്നു അത്. എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു’വെന്നും അനൂജ് പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തില്‍ ഏറെ വിവാദങ്ങളുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.