ജുഡീഷ്യല്‍ പ്രതിസന്ധി: ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

0
40

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തുടര്‍ നടപടികള്‍ മറ്റ് ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്കിടയിലെ പ്രശ്‌നം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു.
ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ശ്രമങ്ങളാണു നടക്കുന്നത്. ജസ്റ്റിസ് ചെമേശ്വറുമായി ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വൈകിട്ട് ചീഫ് ജസ്റ്റിസിനെയും മറ്റു ജസ്റ്റിസുമാരെയും കാണുന്നുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാത്രമേ അന്തിമതീരുമാനത്തിലെത്താന്‍ സാധിക്കൂവെന്നാണു പ്രതീക്ഷ.
അതിനിടെ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, നാഗേശ്വര്‍ റാവു എന്നിവര്‍ ചെലമേശ്വറിന്റെ വസതിയിലെത്തിയിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇവരെത്തിയതെന്നാണു കരുതുന്നത്. ജസ്റ്റിസ് ബ്രിജിബാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ജുഡീഷ്യറിയിലെ തര്‍ക്കം ജുഡീഷ്യറിക്കുളളില്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗഡറും തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ പറയുന്നതെങ്കിലും മഞ്ഞുരുക്കുന്നതിന്റെ ഭാഗമാണിതെന്ന് വ്യക്തമാണ്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി മാത്രം സംസാരിച്ച് സമവായമുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഇന്നും തിങ്കളാഴ്ച രാവിലെയുമായി ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധം പ്രകടിപ്പിക്കാനുളള അസാധാരണസാഹചര്യം ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം.
ജഡ്ജിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ശ്രമിച്ചാലും വിപരീതഫലമാകും ഉണ്ടാകുക. ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ച് നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്.