ജുഡീഷ്യല്‍ പ്രതിസന്ധി: ബാര്‍ കൗണ്‍സില്‍ സമിതി ചീഫ് ജസ്റ്റിസുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

0
41

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തിനെതിരെ ജസ്റ്റിസുമാര്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാനായുള്ള തിരക്കിട്ട ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കോടതിയുടെ ആഭ്യന്തര പ്രശ്‌നമായി പരിഗണിച്ച് തിങ്കളാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ പ്രശ്‌നം സമവായത്തിലെത്തിക്കാനാണ് ശ്രമം. ജസ്റ്റിസ് ബ്രിജിബാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തും.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി സമവായശ്രമങ്ങളുമായി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 7.30 ഓടെയാണ് കൂടിക്കാഴ്ച. ദീപക് മിശ്രയെ കാണുന്ന സംഘം ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായും ചര്‍ച്ച നടത്തും.
ജുഡീഷ്യറിയിലെ തര്‍ക്കം ജുഡീഷ്യറിക്കുളളില്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം.എം.ശാന്തനഗൗഡറും തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ പറയുന്നതെങ്കിലും മഞ്ഞുരുക്കുന്നതിന്റെ ഭാഗമാണിതെന്ന് വ്യക്തമാണ്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന ജഡ്ജിമാരുമായി മാത്രം സംസാരിച്ച് സമവായമുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് ശ്രമിക്കുമെന്ന് സൂചനയുണ്ട്. ഇന്നും തിങ്കളാഴ്ച രാവിലെയുമായി ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശയവിനിമയം നടത്തിയേക്കും. ജഡ്ജിമാര്‍ കോടതി സിറ്റിങ് നിര്‍ത്തിവച്ച് പ്രതിഷേധം പ്രകടിപ്പിക്കാനുളള അസാധാരണസാഹചര്യം ഏതുവിധേനയും ഒഴിവാക്കാനാണ് ശ്രമം.
ജഡ്ജിമാര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ശ്രമിച്ചാലും വിപരീതഫലമാകും ഉണ്ടാകുക. ചീഫ് ജസ്റ്റിസിനെയും പ്രതിഷേധിച്ച് നില്‍ക്കുന്ന ജഡ്ജിമാരെയും കാണുമെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്.