ദക്ഷിണ കൊറിയയില്‍ നിന്ന് ഖത്തറിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിച്ചു

0
71

ദോഹ: ദക്ഷിണ കൊറിയയെയും ഖത്തറിനെയും ബന്ധിപ്പിച്ച് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. ഹ്യൂണ്ടായ് മര്‍ച്ചന്റ് മറൈനിന്റെ (എച്ച്എംഎം) കൊറിയ-മിഡില്‍ ഈസ്റ്റ് സര്‍വീസാണു ഖത്തറിലേക്കു നീട്ടിയത്. കൊറിയയിലെ ക്വാങ്യാങ്ങില്‍ നിന്നുള്ള ആദ്യത്തെ കപ്പല്‍ ‘ഹ്യൂണ്ടായ് ഡ്രൈവ്’ ഇന്നലെ ഹമദ് തുറമുഖത്തെത്തി.

ഹമദ് തുറമുഖത്തെത്തുന്ന ഏറ്റവും വലിയ കപ്പലാണ് ‘ഹ്യൂണ്ടായ് ഡ്രൈവ്’. 365.5 മീറ്റര്‍ നീളമുള്ള ഹ്യൂണ്ടായ് ഡ്രൈവിന് 13,154 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. കൊറിയയില്‍നിന്നു ഹമദ് തുറമുഖത്തേക്കു പ്രതിവാര സര്‍വീസാണ് എച്ച്എംഎം നടത്തുക. ഏഷ്യയിലെ പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ചാണ് സര്‍വീസ്. ദക്ഷിണ കൊറിയയിലെ ക്വാങ്യാങ്, ബുസാന്‍, ചൈനയിലെ നിങ്ബോ, കാവോസിയുങ്, യന്തിയാന്‍, ഷെകോവു, സിംഗപ്പുര്‍, മലേഷ്യന്‍ തുറമുഖങ്ങള്‍ വഴിയാണ് സര്‍വീസ് ഖത്തറിലെത്തുക. ഏഷ്യയിലെ ഏറ്റവും വലിയ കപ്പല്‍ പാതകളിലൊന്നാണു കൊറിയ-ഖത്തര്‍ സര്‍വീസെന്ന് ഹമദ് തുറമുഖ ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍ യാഫൈ പറഞ്ഞു.

പുതിയ സര്‍വീസോടെ യാത്രാ സമയത്തിലും ചെലവിലും കുറവുണ്ടാകും. രാജ്യാന്തര ഇറക്കുമതി, കയറ്റുമതി കമ്പനികള്‍ക്ക് ഇതു സഹായകരമാകും. ഇടനില തുറമുഖങ്ങളെ പൂര്‍ണമായും ഒഴിവാക്കി ഹമദ് തുറമുഖത്ത് നിന്ന് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിനാണു മുന്‍ഗണന. അതുവഴി ആഭ്യന്തര വിപണിയില്‍ സ്ഥിരത കൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.