ദുബായിയെ ഞെട്ടിച്ച് വീണ്ടും കിങ് ഖാന്‍

0
64

ദുബായ്: ദുബായ്ക്കാരെ ഞെട്ടിച്ച് വീണ്ടും ഷാറുഖ് ഖാന്റെ പരസ്യ വീഡിയോകള്‍ . ദുബായ് എന്ന ആഗോള വിനോദസഞ്ചാര കേന്ദ്രത്തെ കൂടുതല്‍ ആളുകളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ദുബായ് വിനോദ സഞ്ചാര വാണിജ്യ കേന്ദ്ര(ഡിസിടിസിഎം) കഴിഞ്ഞ വര്‍ഷം നിര്‍മിച്ച് ഹിറ്റായ വീഡിയോയുടെ ചുവടുപിടിച്ചുള്ള 2.0ബി മൈ ഗസ്റ്റ് (2.0BeMyGuest) എന്ന രണ്ട് വീഡിയോകള്‍ പുറത്തിറങ്ങി. പ്രമുഖ ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍ ഒരുക്കുന്ന നാലു ഭാഗങ്ങളില്‍ രണ്ടെണ്ണമാണിത്.

ഗുജറാത്ത് സ്വദേശി ഗീത, ടൊറന്റോയില്‍ നിന്നുള്ള ഭുപി എന്നീ യുവമിഥുനങ്ങളോടൊപ്പം ദുബായ് മാളിലെ അക്വേറിയത്തിലും ദുബായ് ഫൗണ്ടെയിനിലും വിസ്മയ സന്ദര്‍ശനം നടത്തി നഗരത്തെ പരിചയപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തേതില്‍ ലണ്ടനില്‍ നിന്ന് ഫുട്‌ബോള്‍ പരിശീലനത്തിന് ആദ്യമായി ദുബായിലെത്തുന്ന അര്‍ജുന്‍ എന്ന കുട്ടിയുടെ കൂടെ ലിഗോലാന്‍ഡ്, ബോളിവുഡ് പാര്‍ക്‌സ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ദുബായിയുടെ മുഖമുദ്രകളായ മറ്റു വിനോദ കേന്ദ്രങ്ങളും ഹത്ത പോലുള്ള സ്ഥലങ്ങളും മറ്റു ഭാഗങ്ങളില്‍ കാണാനാകുമെന്ന് സംവിധായകന്‍ പറയുന്നു.

ബി മൈ ഗസ്റ്റ് എന്ന് പറയുന്നിടത്താണ് രണ്ട് വീഡിയോകളും അവസാനിക്കുന്നത്. പഴയ ദുബായും പുത്തന്‍ നഗരവുമടങ്ങിയ വീഡിയോകള്‍ ഒരു ഹ്രസ്വചിത്രം പോലെ ആളുകളെ ആകര്‍ഷിക്കും. ഈ പരസ്യ ചിത്രങ്ങള്‍ വഴി ദുബായില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദുബായിയും ഇന്ത്യയും തമ്മിലുള്ള മനോഹരമായ ബന്ധത്തെയാണ് ഷാരൂഖ് ഖാന്‍ പ്രതിനിധീകരിക്കുന്നതെന്ന് ഡിസിടിസിഎം സിഇഒ ഇസ്സാം ഖാസിം പറഞ്ഞു.

ഷാരൂഖിന് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും ആരാധകരുണ്ട്. 2020 നകം ദുബായില്‍ 20 ദശലക്ഷം സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തിന് വീഡിയോ സഹായകമാകുമെന്നാണ് പ്രതീക്ഷ. പാംജുമൈറയില്‍ സ്വന്തമായി വില്ലയുള്ള ഷാരൂഖ് റാസല്‍ഖൈമയില്‍ വ്യവസായം ആരംഭിക്കാനുള്ള നീക്കവും നടത്തിയിരുന്നു. ദുബായ് രണ്ടാം വീടായി കരുതുന്ന ഇദ്ദേഹം ഇടയ്ക്കിടെ കുടുംബ സമേതം ഇവിടെയെത്താറുണ്ട്.