‘നിര്‍ണ്ണായക കേസുകള്‍ സ്വന്തം ഇഷ്ടപ്രകാരം ജഡ്ജിമാരെ ഏല്പിക്കരുത്’: ചീഫ് ജസ്റ്റിസിന് തുറന്ന കത്തുമായി മുന്‍ ജഡ്ജിമാര്‍

0
43

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് തുറന്ന കത്തുമായി നാല് മുന്‍ ജഡ്ജിമാര്‍. നിര്‍ണ്ണായക കേസുകള്‍ സ്വന്തം ഇഷ്ടപ്രകാരം ജഡ്ജിമാരെ ഏല്പിക്കരുതെന്ന് കത്തിലൂടെ ഇവര്‍ തുറന്നടിച്ചു. ഒരു സുപ്രീം കോടതി ജഡ്ജിയും മൂന്ന് ഹൈക്കോടതി ജഡ്ജിമാരുമാണ് കത്തെഴുതിയത്.

അധികാര ദുര്‍വിനിയോഗം ഇല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേസുകള്‍ നീക്കിവെക്കുന്നതില്‍ യുക്തിസഹവും സുതാര്യമാര്‍ന്നതും ന്യായവുമായ പ്രക്രിയ ആവശ്യമാണെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്‍ ജഡ്ജിമാരുടെ കത്ത്.
ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജിമാരെ പിന്തുണച്ചാണ് മുന്‍ ന്യായാധിപന്മാരുടെ തുറന്ന കത്ത്. ചീഫ് ജസ്റ്റിസിന്റെ ചില നടപടികള്‍ ഏകപക്ഷീയമാണെന്ന തോന്നലുണ്ടാക്കുന്നു. സുപ്രധാനവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതുമായ കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കാണ് നല്‍കുന്നതെന്നും റിട്ട.ജസ്റ്റിസുമാരായ പി.ബി സാവന്ത്, എ.പി.ഷാ, കെ.ചന്ദ്രു, എച്ച്.സുരേഷ് എന്നിവരുടെ തുറന്ന കത്തില്‍ പറയുന്നു.
ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രധാനമായ കേസുകളില്‍ ചീഫ് ജസ്റ്റിസിന്റെ ഏകപക്ഷീയ ഇടപെടലുകള്‍ക്കായിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്തണമെന്നും ദീപക് മിശ്രക്ക് അയച്ച തുറന്ന കത്തില്‍ പറയുന്നു.

ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്,ജെ.ചെലമേശ്വര്‍ , എം.ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീംകോടതി ഭരണനിര്‍വ്വഹണത്തിനെതിരെയും ആരോപണങ്ങളുന്നയിച്ചത്.