പാസ് പോര്‍ട്ട് ഓറഞ്ച് നിറമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി

0
119

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ് പോര്‍ട്ട് ഓറഞ്ച് നിറമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീരുമാനം ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്‍മാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ് പോര്‍ട്ടുകളൊഴികെ എല്ലാത്തിനും കടുംനീല നിറമാണുള്ളത്.
കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യമന്ത്രാലയം പാസ് പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാസ് പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ് പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇപ്പോള്‍ പാസ് പോര്‍ട്ടില്‍ അവസാന പേജ് പ്രിന്റ് ചെയ്യുന്നില്ല. എമിഗ്രേഷന്‍ ആവശ്യമുള്ള പാസ് പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് കളര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു.