പുതപ്പ് വിതരണം ചെയ്യുന്ന ചടങ്ങില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തമ്മിലടിച്ച് ബിജെപി നേതാക്കള്‍

0
40

ലക്‌നൗ: പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന ചടങ്ങില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബിജെപി നേതാക്കള്‍ തമ്മിലടി. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലായിരുന്നു സംഭവം. ലോക്‌സഭാംഗം രേഖ വര്‍മ്മയുടെയും എംഎല്‍എ ശശാങ്ക് ത്രിവേദിയുടേയും അനുയായികളാണ് ഏറ്റുമുട്ടിയത്.

ചടങ്ങില്‍ ലോക് സഭാ എം പി രേഖാ വര്‍മയും എംഎല്‍എയായ ശശാങ്ക് ത്രിവേദിയും സന്നിഹിതരായിരുന്നു. സമാധാന പരമായ നടന്ന ചടങ്ങിന്റെ ക്രെഡിറ്റിന്റെ അവകാശത്തെച്ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് സംഗതികള്‍ വഷളായത്. അവകാശത്തെച്ചൊല്ലി നേതാക്കളുടെ അണികള്‍ ചേരി തിരിഞ്ഞ് വാക് പോര് തുടങ്ങി. അതിനിടെ രേഖാ വര്‍മ്മ പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്.

പുതപ്പ് വിതരണം ചെയ്യുന്ന നേതാക്കളുടെ ചിത്രമെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ജില്ലാ പൊലീസ് മേധവിയും ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ അന്വേഷിച്ചു. സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പിന്നീട് നേതാക്കള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.