മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങള്‍

0
51

ശബരിമല: ഒറ്റ നിമിഷത്തെ പൊന്‍ പ്രഭയില്‍ അപ്രത്യക്ഷമായ ജ്യോതിയില്‍ നിന്ന് പ്രതീക്ഷയുടെ ദീപം കവര്‍ന്ന് ലക്ഷക്കണക്കിന് മനുഷ്യ ഹൃദയങ്ങള്‍. ‘സ്വാമിയേ ശരണമയ്യപ്പാ..’ എന്ന ആര്‍പ്പുവിളിയുമായി അണിനിരന്ന പുരുഷാരം കാത്തുനിന്നതും ആ നിമിഷം തന്നെയായിരുന്നു. കൂപ്പുകൈകളോടെ പൊന്നമ്പലമേട്ടില്‍ നിരന്ന ഓരോ മനസ്സും ഭക്തിയുടെ കൊടുമുടിയേറി.

ശ്രീകോവിലില്‍ കാനനവാസന് ദീപാരാധന നടക്കുമ്പോള്‍, സന്ധ്യയ്ക്കു 6.45ന് അയ്യപ്പന്മാര്‍ക്കു കാനനമൊരുക്കിയ ദീപാരാധന പോലെ കിഴക്കു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. ഇനി എന്നും സ്വാമിയായി തന്നെ ജീവിക്കാനുള്ള ദൃഢനിശ്ചയവുമായി അവര്‍ മലയിറങ്ങി. മകരവിളക്ക് ദര്‍ശിച്ച് തൊഴാന്‍ ഇക്കുറിയും വന്‍ ഭക്തജന തിരക്ക് തന്നെയായിരുന്നു. മകരവിളക്ക് ദര്‍ശിക്കാന്‍ പല കോണുകളില്‍ നിന്നെത്തി കാത്ത് നിന്നവരും വളരെയേറെ.

രാവിലെ തന്നെ സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഉച്ചയ്ക്കായിരുന്നു മകരസംക്രമ പൂജ. ഉച്ചപൂജ കഴിഞ്ഞതോടെ പതിനെട്ടാം പടിയിലൂടെ ഭക്തരുടെ വരവ് തടഞ്ഞു. വൈകിട്ട് അഞ്ചിനു നട തുറന്നു. അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണം സ്വീകരിക്കാനായി വൈകിട്ട് 5.10ന് ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയിലേക്കു തിരിച്ചതോടെ സന്നിധാനം തിരുവാഭരണവും മകരവിളക്കും കാണാനുള്ള തയ്യാറെടുപ്പുകളിലായി. കാത്തിരിപ്പിന്റെ ക്ഷീണം വിട്ട് ഭക്തര്‍ കൂപ്പുകൈകളുമായി എഴുന്നേറ്റു നിന്നു. ശരണംവിളികള്‍ എങ്ങും നിഴലിച്ചു. മാനത്ത് കൃഷ്ണപ്പരുന്തിനെ കണ്ടപ്പോള്‍ ആ ശരണമന്ത്രത്തിന് ശക്തി കൂടി. പിന്നെ തിരുവാഭരണത്തിനായുള്ള കാത്തിരിപ്പായിരുന്നു. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള പേടകം എത്തിയപ്പോള്‍ അയ്യപ്പനെ കണ്ടു തൊഴുതവരും കാണാന്‍ കാത്തുനില്‍ക്കുന്നവരും കണ്ണുകളില്‍ ആ ആഭരണപ്രഭയണിഞ്ഞു.

തിരുവാഭരണം ചാര്‍ത്തി ദീപാരാധന തുടങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. കിഴക്കന്‍ ചക്രവാളത്തില്‍ അപ്പോള്‍ മകരനക്ഷത്രം ഉദിച്ചു. കൂപ്പുകൈകള്‍ ഇറുക്കി കണ്ണിമയ്ക്കാതെ കാത്തിരിപ്പ്. നിമിഷങ്ങള്‍ക്കകം ജ്യോതി തെളിഞ്ഞു. എങ്ങും ശരണംവിളികള്‍ നിറഞ്ഞു. പതിനെട്ടാംപടി തുറന്നതോടെ വീണ്ടും അണ മുറിയാത്ത പ്രവാഹം. പിന്നെ, സന്നിധാനത്ത് പുഷ്പാഭിഷേകവും അത്താഴപൂജയും, മാളികപ്പുറത്ത് എഴുന്നള്ളത്തും.

ഇനി 17 വരെ ശബരിമലയില്‍ അയ്യപ്പനെ കണ്ടുതൊഴാം. 18ാം
തീയതി വരെ നെയ്യഭിഷേകം നടക്കും. 19 ന് മാളികപ്പുറത്തു ഗുരുതി. 19 വരെ് ഭക്തര്‍ക്കു ദര്‍ശനത്തിന് അവസരമുണ്ട്. 20 നു രാവിലെ ഏഴിന്, രാജപ്രതിനിധിയുടെ ദര്‍ശനത്തോടെ നടയടയ്ക്കും. അന്ന് രാജപ്രതിനിധിക്കു മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം. അതോടെ ഈ വര്‍ഷത്തെ മണ്ഡല- മകരവിളക്കു തീര്‍ഥാടനത്തിനു സമാപ്തിയാകും.