‘മായാനദി’യിലെ സ്ത്രീവിരുദ്ധത ആരും കണ്ടില്ലെ?: കെ.എസ് ശബരീനാഥന്‍

0
64

തിരുവനന്തപുരം: സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണമെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. ആഷിക് അബു ചിത്രം മായാനദി കണ്ടതിനുശേഷം ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മായാനദിയിലെ ഒരു രംഗവും അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു. സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ലെന്നും പ്രേക്ഷകര്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുതെന്നും നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ. ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്‌തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന്‌ കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.
സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം. അതിൽ നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.