റയലിന് വീണ്ടും പരാജയം

0
51

മഡ്രിഡ് ∙ റയൽ മാഡ്രിഡ് ലീഗിലെ തങ്ങളുടെ മോശം ഫോം തുടരുന്നു. വമ്പൻ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കാറുള്ള ടീമാണ് വിയ്യാറയൽ. മൂന്നു പോയിന്റ് അപ്രാപ്യമായ ഒരു മത്സരമായിരുന്നില്ല പക്ഷേ അവസരത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ റയൽ പരാജയപ്പെട്ടപ്പോൾ വീണ്ടുംമുന്ന് പോയിന്റ് നഷ്ടമാവുകയായിരുന്നു.

.ലീഗിൽ തിരിച്ചുവരവിന്റെ എല്ലാ പ്രതീക്ഷകളും അസ്മിക്കുകയാണെന്ന സൂചനകളാണ് സിനദിൻ സിദാന്റെ ടീം നൽകുന്നത്. ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് റയലിനിത്. മഴ കടന്നു വന്ന കളിയിൽ മേധാവിത്വം റയലിനായിരുന്നുവെങ്കിലും കളിയുടെ ഗതിക്കെതിരെ എൺപത്തേഴാം മിനിറ്റിൽ വിയ്യാറയൽ ഗോൾ നേടി റയലിനെ ഞെട്ടിച്ചു. വിയ്യാറയലിന്റെ പാബ്ലോ ഫോർനൽസ് റയൽ ഗോളി കെയ്‌ലർ നവാസിന്റെ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്ത് നേടിയ ഗോൾ.

മുന്നേറ്റ നിരയിൽ ബെയ്ൽ, റൊണാൾഡോ എന്നിവരെ അണിനിരത്തിയാണ് സിദാൻ ടീമിനെ ഇറക്കിയത്. റാമോസിന് പകരം നാച്ചോയും ആദ്യ പതിനൊന്നിലിറങ്ങി. മധ്യനിരയിൽ ക്രൂസ്, കേസെമിറോ, മോഡ്രിച്‌ എന്നിവരും ഇസ്കോയും ആദ്യ പതിന്നൊന്നിലിടം പിടിച്ചു. ലാ ലീഗയിൽ റൊണാൾഡോയുടെ മോശം ഫോം തുടരുകയാണ്. പറയത്തക്ക യാതൊരു പ്രഭാവവും മത്സരത്തിൽ അദ്ദേഹത്തിൽ നിന്നുമുണ്ടായില്ല. കസെമിറോയ്ക്കും മറ്റൊരു ഓഫ് ഗെയിം ആയിരുന്നു . പോയിന്റ് നഷ്ടപെടുത്തിയതിന് നടുവിലും അല്പം ആശ്വാസം നൽകിയത് ബെയിലിന്റെ ഫോം ആണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പൂർണ്ണ ആരോഗ്യവാനായ ബെയിൽ എന്നത് വീണ്ടും അടിവരയിടുന്ന പ്രകടനം. ബെയിൽ, ഇസ്‌കോ, മോഡ്രിച്ച് എന്നിവർ മാത്രമാണ് റയലിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.

തുടർച്ചയായ മോശം പ്രകടനങ്ങൾ ലൈനപ്പിലും ഒപ്പം ടാക്റ്റിക്സിലും മാറ്റങ്ങൾ അനിവാര്യമായുണ്ട് എന്ന് വിളിച്ചോതുന്നു. മികച്ച ഒരു സീസണിന് ശേഷം ലീഗിലെ മോശം അവസ്ഥ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. പക്ഷേ പ്രതിബന്ധങ്ങൾ മറികടന്ന് റയൽ മാഡ്രിഡ്‌ തിരികെ വരും എന്ന് തന്നെ പ്രതീക്ഷിക്കാം. ലാ ലീഗ നേടുക എന്നത് ഒരു വിദൂര സ്വപ്നമാണെങ്കിൽ കൂടിയും അവസാന നിമിഷം വരെ പോരാട്ടം തുടരാൻ കഴിവുള്ള ടിം തന്നയാണ് റയൽ മാഡ്രിഡ്.
ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയേക്കാൾ പതിനാറു പോയിന്റ് പിന്നിലാണ് റയൽ ഇപ്പോൾ. സീസന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ റയൽ 32 പോയിന്റുമായി നാലാംസ്ഥാനത്താണ്.