ശ്രീജിത്തിന്റെ സമരം: പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് കെ.സുരേന്ദ്രന്‍

0
100

തിരുവനന്തപുരം: സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തെളിവൊന്നുമില്ലാത്ത കേസിന് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ശ്രീജിത്തിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊലീസ് തന്നെയാണ് തെളിവുകള്‍ തേയ്ച്ചുമായ്ച്ചു കളഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോകാത്തതിനെക്കുറിച്ചും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് സുരേന്ദ്രന്‍ തന്റെ അഭിപ്രായം എഴുതിയത്.

ഈ ഒററയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തില്‍ തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും കുറിച്ചാണ് കെ.സുരേന്ദ്രന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.