സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല: ചര്‍ച്ച തുടരുമെന്ന് ബാര്‍ കൗണ്‍സില്‍

0
43

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ‘ഞങ്ങള്‍ എല്ലാവരുമായിട്ടും സംസാരിച്ചു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് എല്ലാവരും ഉറപ്പ് നല്‌യിട്ടുണ്ട്’- ചര്‍ച്ചകള്‍ക്ക് ശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
ചര്‍ച്ചകള്‍ക്കായി നിയോഗിച്ച ബാര്‍ കൗണ്‍സിലിന്റെ ഏഴംഗങ്ങളാണ് ജസ്റ്റിസുമാരുമായി അവരുടെ വീടുകളിലെത്തി കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന ന്യയാധിപന്‍ ജസ്റ്റിസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അംഗങ്ങള്‍ ചീഫ് ജസ്റ്റിസിനെ കണ്ടത്.

പ്രതിനിധികള്‍ വഴി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് നേരത്തെ ജസ്റ്റിസ് ചെലമേശ്വറും അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം കൊളീജിയം ചേരാനും സാധ്യതയുണ്ട്.

ഇതിനിടെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെയും എല്‍.നാഗേശ്വര റാവുവും ചെലമേശ്വറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തുടര്‍ നടപടികള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോട് ചെലമേശ്വര്‍ പറഞ്ഞു.