ഒടുവില്‍ ശ്രീജിത്തിന്റെ പോരാട്ടം ഫലം കാണുന്നു: ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും

0
47

ന്യൂഡല്‍ഹി: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിന്റെ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതോടെയാണ് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് എഴുനൂറിലേറെ ദിവസങ്ങളായി നടത്തുന്ന പോരാട്ടത്തിന് ഫലം കണ്ടത്. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണത്തിലേക്ക് തീരുമാനങ്ങളെത്തിയത്.

അതേസമയം, സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സിബിഐ സംഘം വരുന്നതിന്റെ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.