ഓഹരി സൂചികയും നിഫ്റ്റിയും സര്‍വകാല നേട്ടത്തില്‍

0
52

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയും സര്‍വകാല നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് 2.14 ന് സെന്‍സെക്സ് 272.89 പോയിന്റ് നേട്ടത്തോടെ 34,865.28 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 10,748.70 ല്‍ എത്തി.

എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങി ബാങ്കിങ് മേഖലയിലെ ഓഹരികളില്‍ ഉണ്ടായ തുടര്‍ച്ചയായുള്ള മുന്നേറ്റമാണ് വിപണിക്ക് കരുത്തായത്. രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യവും ഉയര്‍ന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ 63.45 രൂപ എന്ന മൂല്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചതില്‍ നിന്ന് 0.31 % ഉയര്‍ന്ന് 63.64 രൂപ എന്ന തലത്തിലായിരുന്നു ഇന്നു ഉച്ചയ്ക്ക് രൂപയുടെ വിനിമയമൂല്യം. 63.41 രൂപയുടെ ശരാശരി വിനിമയമൂല്യമാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഡോളറിനു മേല്‍ രൂപയ്ക്കുണ്ടായിരുന്നത്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിക്ഷേപകരുടെ പ്രതീക്ഷയും വന്‍കിട കമ്പനികളുടെ മൂന്നാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വിപണിക്ക് അനുകൂലമാണ്. ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ഒരുപോലെ പ്രതീക്ഷ വയ്ക്കുന്നത് വരുംദിനങ്ങളിലും വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് സൂചന. ഏഷ്യന്‍ വിപണികളിലും ഓഹരികളില്‍ മുന്നേറ്റം പ്രകടമാണ്.