കമലിനെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് കവിത

0
96

മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി ചിത്രത്തിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റെ സംവിധായകനായ കമല്‍ നടത്തിയ പരാമര്‍ശം വിവാദമായത്. ആദ്യം മാധവിക്കുട്ടിയായി തിരഞ്ഞെടുത്ത വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത് നന്നായെന്നും ഇല്ലെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്നുമാണ് കമല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ സ്ത്രീകളുടെ ജീവിതത്തെയും മാനസികവ്യാപാരങ്ങളെയും ലൈംഗികതയെയും ഇത്രയേറെ തുറന്നെഴുതിയ മാധവിക്കുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന സംവിധായകന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൃത്യമായ ഇടപെടലുകളാണ് ഉണ്ടാകുന്നത്.

അതിനിടയിലാണ് കമലിനെ വ്യക്തമായി പരിഹസിച്ചു കൊണ്ട് രവി കൃഷ്ണന്‍ എന്ന വ്യക്തിയുടെ കവിത ഫെയ്‌സ്ബുക്ക് കുറിപ്പായെത്തുന്നത്. ‘കമലന്‍ സാര്‍ അണിയിച്ചൊരുക്കുന്ന പുണ്യപുരാണ ചലച്ചിത്രം ‘ആമി ഒരു സ്വാമിനി ‘ . എന്നാണ് കമലിനെയും ആമിയെയും പരിഹസിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കവിതയുടെ പൂര്‍ണരൂപം
ഇതാ ഇന്നുമുതല്‍ ഇതാ നാളെ മുതല്‍

അഭ്രപാളികള്‍ക്കുപിന്നിലും
പുരോഗമന വാദത്തിന്റെ സങ്കരയിനം
വിത്തുകള്‍ വിതച്ച
സുപ്രസിദ്ധ സംവിധായകന്‍ കമലന്‍ സാര്‍ അണിയിച്ചൊരുക്കുന്ന
പുണ്യപുരാണ ചലച്ചിത്രം

‘ആമി ഒരു സ്വാമിനി ‘ .

സ്‌ത്രൈണതയെ അതിന്റെ
മടയില്‍ച്ചെന്ന് നേരിട്ട ,

കാല്‍ വിരലുകളാല്‍ നാലുകെട്ടിനുള്ളില്‍
നാണത്തിന്റെ ആസ്ത്രേലിയന്‍ ഭൂപടം വരച്ച

പ്രണയകാവ്യങ്ങളെ ഭക്തിഗാനസുധയാക്കിയ

ചുംബനങ്ങളെ കൂപ്പുകൈ ആക്കി മാറ്റിയ

അടുക്കളയില്‍ അവിയലുകൊണ്ട്
അത്തപ്പൂ ഇട്ട

നീര്‍മ്മാതളച്ചുവടിനെ
അപ്പൂപ്പന്റെ അസ്ഥിത്തറയാക്കിമാറ്റിയ

ബാല്യ കൗമാര യൗവ്വന തൃഷ്ണകളെ സ്വയം ,
ആംഡ് പോലീസിന്റെ
ജലപീരങ്കി വിളിച്ചുവരുത്തി കെടുത്തിക്കളഞ്ഞ

തന്റെ ലൈംഗിക ചോദനകളെപ്പോലും ലളിതാ സഹസ്രനാമം ചൊല്ലി അടക്കി നിര്‍ത്തിയ

മര്യാദാ സ്ത്രീയോത്തമയായ
ഒരു നിഷ്‌കളങ്ക കുലസ്ത്രീയുടെ കദനമനോഹര ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം

‘ ആമി ഒരു സ്വാമിനി ‘

ചിറ്റാരിക്കടവ് ലക്ഷ്മി ടാക്കീസില്‍
ഇതാ ഇന്നു മുതല്‍
ഇതാ നാളെ മുതല്‍ .