കറന്‍സി, അതിന്റെ മൂല്യം, മൂല്യനിരാകരണം, ഫലങ്ങള്‍

0
158

ഋഷി ദാസ്

ഒരു സമ്പദ് വ്യവസ്ഥയിലെ സാധന സാമഗ്രികളുടെയും, സേവനങ്ങളുടെയും സുഗമമായ കൈമാറ്റത്തിനും, ഒഴുക്കിനുമായി ഭരണക്രമം പുറത്തിറക്കുന്ന പ്രതിരൂപങ്ങളാണ് കറന്‍സി നോട്ടുകള്‍.

ലഭ്യമായ സാധനസാമഗ്രികളുടെയും സേവനങ്ങളുടെയും മൂല്യത്തേക്കാള്‍ കൂടുതല്‍ നോട്ടുകള്‍ ഇറക്കിയാല്‍ പണപ്പെരുപ്പം മൂലം നോട്ടുകളുടെ മൂല്യം താഴുന്നു. നോട്ടുകളുടെ ലഭ്യത കുറഞ്ഞാല്‍ അവയുടെ മൂല്യവും കൂടുന്നു, അതാണ് പൊതു തത്വം. ഇവിടെ ഒരു പ്രശ്‌നമുണ്ട്, നാട്ടില്‍ എത്ര മൂല്യത്തിനുള്ള നോട്ടുകളുണ്ട് എന്നത് സര്‍ക്കാരിന് കൃത്യമായി അറിയാനാകില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ശത്രു രാജ്യങ്ങള്‍ സാങ്കേതിക മികവോടെ അടിക്കുന്ന കള്ളനോട്ടുകള്‍ കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. അമേരിക്കന്‍ ഡോളറിനുതന്നെ തിരിച്ചറിയാന്‍ കഴിയാത്ത ഒരപരനുണ്ടെന്നും, ഒരു വിദേശരാജ്യമാണ് അതിനു പിന്നിലെന്നും യുഎസ് സര്‍ക്കാര്‍ തന്നെ കരുതുന്നു. രണ്ടാമത്തെ കാര്യം പ്രചരിച്ച നോട്ടുകളില്‍ പലതും ഉപയോഗശൂന്യമാവുകയും നശിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു ചെറിയ ശതമാനം നോട്ടുകള്‍ ഓരോ വര്‍ഷവും ഇങ്ങനെ നശിക്കുന്നു. ഇവയുടെ ഫലമായി സര്‍ക്കാര്‍ തന്നെ പ്രചാരത്തിലുള്ള നോട്ടുകളെപ്പറ്റി അവ്യക്തത വരുന്നു.

ഈ അവ്യക്തത രൂക്ഷമാകുമ്പോഴാണ് മിക്കവാറും രാജ്യങ്ങള്‍ നോട്ടുകളുടെ മൂല്യനിരാകരണം പോലെയുള്ള നടപടികള്‍ എടുക്കുന്നത്. ഒരു മൂല്യ നിരാകരണം കഴിഞ്ഞു കുറച്ചു കാലത്തേക്ക് സര്‍ക്കാരുകള്‍ക്ക് സമ്പദ്വ്യവസ്ഥയില്‍ വളരെ ഫലപ്രദമായ നിയന്ത്രണം ചെലുത്താന്‍ കഴിയും. ഇതാണ് നോട്ടുകളുടെ മൂല്യ നിരാകരണത്തിലെ (അസാധുവാക്കലിലെ) സാങ്കേതിക വശം.

നോട്ടുകളുടെ അസാധുവാക്കലിന് മറ്റു വശങ്ങളുമുണ്ട്. അവയില്‍ ചിലതു സമൂഹത്തിന് നല്ലതും മറ്റുചിലത് സംശയകരമായ ഫലങ്ങള്‍ ഉളവാകുന്നതുമാണ്. പ്രായോഗികമായി പറഞ്ഞാല്‍ ഒരു കറന്‍സി നോട്ട് ഒരു കരാറാണ്. അത് ഇറക്കുന്ന സര്‍ക്കാര്‍ അത് കൈവശം വെക്കുന്നവര്‍ക്ക് സമ്പദ്വ്യവസ്ഥയില്‍ ആ നോട്ടിനു തുല്യമായ ഭാഗം കരാറിലൂടെ നല്‍കുകയാണ് ചെയ്യുന്നത്. കറന്‍സി നോട്ടുകളുടെ അസാധുവാക്കല്‍ ഒരു പരമാധികാരരാജ്യത്തിന് ചെയ്യാവുന്നതാണെങ്കിലും അതില്‍ കരാര്‍ ലംഘനത്തിന്റെ ഒരംശം ഒളിഞ്ഞിരിക്കുണ്ട്. ഒരാള്‍ കരാര്‍ ലംഘനം നടത്തിയാല്‍ അത് ചെയ്യുന്നവരുടെ വിശ്വാസ്യതക്കുറവ് വരും. ജനങ്ങള്‍ക്ക് കറന്‍സിയില്‍ വിശ്വാസക്കുറവ് വന്നാല്‍ അവര്‍ മറ്റു മൂല്യമുള്ള വസ്തുക്കളായി നോട്ടുകള്‍ രൂപാന്തരണം ചെയ്യാന്‍ തിടുക്കം കാണിക്കും.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഒളിഞ്ഞിരിക്കുന്നത് ഇന്ത്യന്‍ വീടുകളിലാണ്. ഭാരതീയരുടെ സ്വര്‍ണ ഭ്രമമാണ് ഇതിനു കാരണം എന്നൊക്കെ പറയുമെങ്കിലും ശരിയായ കാരണം വ്യവസ്ഥയിലുള്ള അവിശ്വാസമാണ്. കഴിഞ്ഞ 700 വര്‍ഷമായി ഭാരതത്തിന്റെ പല ഭാഗങ്ങളും അതി ക്രൂരമായ വിദേശ വാഴ്ചക്ക് കീഴിലായിരുന്നു. നാട്ടുകാരുടെ സമ്പത്തെല്ലാം വിദേശ ശക്തികള്‍ കൊള്ളയടിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന് കടത്തികൊണ്ടുപോയതു 20 ട്രില്യണ്‍ ഡോളറിന് സമാനമൂല്യമുള്ള വസ്തുവകകളാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കറന്‍സിക്ക് അസ്ഥിരത വന്നാല്‍ ആ അളവ് ഇനിയും കൂടാനാണ് സാധ്യത. ഈ പതിയിരിക്കുന്ന സ്വര്‍ണം സമ്പദ്വ്യവസ്ഥക്കു കാര്യമായ ഒരു ഉത്തേജനവും നല്‍കില്ല. ഇതു അലമാരകളിലും, ലോക്കറുകളിലും മടിപിടിച്ച് ഒളിഞ്ഞിരിക്കും.

കറന്‍സി നോട്ടുകളുടെ മൂല്യനിരാകരണത്തിനു ശേഷം ഇറക്കുന്ന പുതിയ നോട്ടുകളുടെ കൃത്യമായ കണക്കു സര്‍ക്കാരിനുണ്ടാകും. കള്ളനോട്ടിനെ കൂടി തടയാന്‍ കഴിഞ്ഞാല്‍ സമ്പദ്വ്യവസ്ഥയെ സര്‍ക്കാരിന് വളരെ കൃത്യമായി നിയന്ത്രിക്കാനാകും. പണപ്പെരുപ്പം കുറയും. നികുതിവരുമാനം ഇന്നുള്ളതിന്റെ പലമടങ്ങു വര്‍ധിക്കും. വര്‍ധിച്ച നികുതി വരുമാനം സമ്പദ്വ്യവസ്ഥയിലേക്കു ഫലപ്രദമായി വിനിയോഗിച്ചാല്‍ സമ്പദ്വ്യവസ്ഥ വര്‍ധിച്ച നിരക്കില്‍ വളരും. പെട്ടന്ന് വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 700 വര്‍ഷം മുന്‍പ് ഭാരതമായിരുന്നു ലോകത്തിലെ സാമ്പത്തിക മഹാശക്തി. ലോകത്തിലെ സമ്പത്തിന്റെ 40% നമ്മുടെ പക്കലായിരുന്നു. അടിമത്തവും കോളനിവാഴ്ചയും കൊണ്ട് അത് 1947ല്‍ ഇത് 1 ശതമാനത്തിനടുത്തായി. ഇപ്പോള്‍ അത് ഏതാണ്ട് 5 ശതമാനമാണ്. ചൈനയുടെയും കഥ സമാനമാണ്. അവര്‍ നഷ്ടപെട്ട പ്രതാപം വളരെയേറെ തിരിച്ചുപിടിച്ചു കഴിഞ്ഞു. ഇന്ന് ലോകസമ്പത്തില്‍ ഇവരുടെ ഓഹരി 20 ശതമാനമാണ്. 1947ല്‍ അവരും നമ്മെപ്പോലെ 1 ശതമാനത്തിലായിരുന്നു. കാര്യങ്ങള്‍ ഏറ്റവും നല്ലരീതിയില്‍ നടന്നാല്‍ കോളനിവാഴ്ചക്കാലത്തു നഷ്ടപെട്ട സമ്പത്ത് 30 വര്‍ഷം കൊണ്ട് നമുക്ക് തിരിച്ചു പിടിക്കാം. അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ഇനിയുമിനിയും കൂടിക്കൊണ്ടിരിക്കും.

ചുരുക്കത്തില്‍ കറന്‍സി നോട്ടുകളുടെ മൂല്യവും അവയുടെ മൂല്യനിയന്ത്രണവും സമ്പദ്വ്യവസ്ഥയുടെ ഹൃസ്വ, മധ്യ, ദീര്‍ഘകാല നിലനില്പിനെയും, പുരോഗതിയെയും വലിയതോതില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു കറന്‍സി വ്യവസ്ഥയുടെ സ്ഥിരത അതിപ്രധാനമായ ഒരു സാമ്പത്തിക സൂചകമാണ്. കറന്‍സി വ്യവസ്ഥയെ ദീര്‍ഘമായ കാലയളവുകളില്‍ അഴിച്ചുപണിയുക വഴി സമ്പദ്വ്യവസ്ഥകളില്‍ മധ്യ ദീര്‍ഘ കാലയളവുകളില്‍ നേട്ടങ്ങള്‍ കൈവരിക്കാം. പക്ഷെ കറന്‍സി വ്യവസ്ഥയെ അടിക്കടി അസ്ഥിരമാക്കുന്നത് നാണയ വ്യവസ്ഥകളുടെ ആണിക്കല്ലായ ”വ്യവസ്ഥയിലുള്ള വിശ്വാസത്തെ ”തന്നെ ക്ഷയിപ്പിക്കുന്നതിന് കാരണമാകും. കറന്‍സി നോട്ടുകള്‍ക്ക് മൂല്യം ഉണ്ടാകുന്നത് മറ്റെല്ലാത്തിലും ഉപരി സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങളുടെ വിശ്വാസ്യത ഒന്നുകൊണ്ട് മാത്രമാണ്.