കായല്‍ കയ്യേറ്റ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
47

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപെട്ടാണ് അപ്പീല്‍.
ഡിപ്പാര്‍ട്ട്മെന്റ് നടപടിയായ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ലെന്നാണ് തോമസ് ചാണ്ടിയുടെ വാദം. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസം ഹര്‍ജി മാറ്റിവെച്ചത്.
അപ്പീലില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് സിപിഐ അംഗം ടി എന്‍ മുകുന്ദന്‍ തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട് . ഇതിനു പുറമെ കക്ഷി ചേര്‍ക്കണമെന്നാവശ്യപെട്ടും മുകുന്ദന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍ ജസ്റ്റിസ് എ എം സാപ്രേ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തന്റെ കേസ് എഎം സാപ്രെ അടങ്ങിയ ബെഞ്ച് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി നേരത്തെ സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ബെഞ്ച് മാറ്റമെന്ന തന്റെ ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം കത്തുനല്‍കിയത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എഎം സാപ്രെയാണ് തോമസ് ചാണ്ടി പുതുതായി സമര്‍പ്പിച്ച കത്ത് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി മാറ്റിവെക്കുകയാണെന്നും അറിയിച്ചത്. അതേസമയം, കത്തിലെ ഉള്ളടക്കം അതീവ ഗൗരവമേറിയതാണെന്ന് കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ സിപിഐ അംഗം മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തോമസ് ചാണ്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖയ്ക്ക് പകരം മുകുള്‍ റോത്ത്ഗിയാണ് ഹാജരായത്.