ചീഫ് ജസ്റ്റിസുമാരുടെ നടപടികളില്‍ വിവാദം; ഹാരിസണ്‍ ഭൂമി കേസിലും വിവാദത്തിന്റെ പ്രതിഫലനം

0
123

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഡിവിഷന്‍ ബെഞ്ച്‌ രൂപീകരിക്കുന്നതിലും കേസുകള്‍ നല്‍കുന്നതിലും ചീഫ് ജസ്റ്റിസുമാര്‍ വിവേചനം കാണിക്കുന്നുണ്ടോ? സുപ്രീം കോടതിയില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയ ഈ വസ്തുത നിലനില്‍ക്കുന്നുണ്ടെന്നാണ് കരുതേണ്ടത്.

ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പറഞ്ഞത് കേസുകള്‍ നല്‍കുമ്പോഴുണ്ടാകുന്ന
താത്പര്യങ്ങള്‍ പ്രകാരം ബെഞ്ചുകള്‍ മാറുന്നു എന്നാണ്. ഈ ഘട്ടത്തില്‍ സീനിയോറിറ്റി മറികടക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഹാരിസണ്‍ കേസിലും ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി സൂചന.

ഹാരിസണ്‍ തോട്ടങ്ങളുടെ പേരില്‍ വര്‍ഷങ്ങളായി കടുത്ത നിയമ പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക അഭിഭാഷകര്‍ക്കും ഈ നിയമ പോരാട്ടവും വിധികളും സുപരിചിതമാണ്. ഇപ്പോഴും കേരള ഹൈക്കോടതിയില്‍ നടക്കുന്ന നിയമ പോരാട്ടങ്ങളിലോന്നാണ് ഹാരിസണ്‍ കേസ്.

ഒമ്പത് സീനിയർ ജഡ്ജിമാരെ ഒഴിവാക്കിയാണ് കേരള ഹൈക്കോടതി ഈ കേസിലെ ഡിവിഷന്‍ ബെഞ്ച്‌ ഇപ്പോള്‍ രൂപീകരിച്ചത്. താരതമ്യേന ജൂനിയര്‍ ആയ ജഡ്ജിമാരായ വിനോദ് ചന്ദ്രൻ, കെ.ബി അശോക് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിനെയാണ് കേസ് വാദം കേൾക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായ ആൻറണി ഡൊമിനിക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജഡ്ജി ആകും മുമ്പ് ആന്റണി ഡൊമിനിക് ഹാരിസൺസിന്റെ അഭിഭാഷകൻ ആയിരുന്നു എന്ന വസ്തുത ഇതോടൊപ്പം ഉയര്‍ന്നു വരികയും ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അടക്കം ഹാരിസൺസിന്റെ അഭിഭാഷകരായിരുന്ന മൂന്നു ജഡ്ജിമാർ ഇപ്പോഴും ഹൈക്കോടതി ജഡ്ജിമാരായുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഹാരിസൺസ് കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജിമാർ കൂട്ടത്തോടെ പിൻമാറിയ സംഭവങ്ങൾ കേരള ഹൈക്കോടതിയിൽ നടന്നത്.

ജസ്റ്റിസ് ചിദംബരേഷ്, മഞ്ജുള ചെല്ലൂർ , എ.എം ഷെഫീഖ്, സി.എൻ രാമചന്ദ്രൻ നായർ, പയസ് സി. കുര്യാക്കോസ്, കെ.എം ജോസഫ്, എം.ശശിധരൻ നമ്പ്യാർ, പി.ഭവദാസൻ തുടങ്ങിയ ജഡ്ജിമാരെല്ലാം ഹാരിസൺസ് കേസ് വാദം കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞവരാണ്. ഹാരിസണ്‍ കേസില്‍ വിധി വന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ്‌ വിശ്വം പറഞ്ഞിരുന്നു.

ബിനോയ് വിശ്വം വനം  മന്ത്രിയായിരിക്കെയാണ് 2008 ഫെബ്രുവരി ഏഴിന് മുകുന്ദപുരം താലൂക്കിൽ ഹാരിസൺസിന്റെ പക്കലുണ്ടായിരുന്ന 4896 ഏക്കർ വനം വകുപ്പ് ഏറ്റെടുത്തത്. ഈ ഉത്തരവിറക്കിയപ്പോള്‍ പിറ്റേന്ന് ഫെബ്രുവരി എട്ടിന് ഞായറാഴ്ച ദിവസം ഹൈക്കോടതി ചേര്‍ന്നു. സർക്കാർ ഉത്തരവ് തടഞ്ഞ് വിധി വന്നു.

ജസ്റ്റിസ് സിരിജഗനാണ് അന്ന്  ആ കേസ് പരിഗണിച്ചത്.  ഹൈക്കോടതിയുടെ ഈ നടപടി തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ബിനോയ്‌ വിശ്വം പ്രതികരിച്ചത്. ഒരു ലക്ഷം ഏക്കറോളം ഭൂമി ഹാരിസൺസ് അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്ന് കണക്കുകള്‍ നിലവിലുള്ളപ്പോഴാണ് ഹൈക്കോടതിയിലെ കേസില്‍ മറിമായം നടന്നത്.

സർക്കാർ ഫയൽ  ചെയ്ത കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ജഡ്ജിമാർ നിരന്തരം ഒഴിഞ്ഞു മാറുന്നത് വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. സുപ്രീം കോടതിയില്‍ പ്രതിസന്ധി നിലനില്‍ക്കേ വിരമിച്ച നാല് ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.

പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനപരമായ തീരുമാനം കൈക്കൊള്ളരുത് എന്നാണ് കത്തിന്റെ കാതല്‍. ഹാരിസണ്‍ കേസില്‍ മുതിര്‍ന്ന ഒമ്പത് ജഡ്ജിമാരെ മറികടന്നു ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച്‌ രൂപീകരിച്ചപ്പോഴും ഇതേ പ്രശ്‌നമാണ് നിലനില്‍ക്കുന്നത്. ഇത്തരം കാര്യങ്ങളാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

കേരള ഹൈക്കോടതിയിലും ഇതേ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നതിനാല്‍ സുപ്രീം കോടതിയില്‍ നടന്ന പൊട്ടിത്തെറി ഇവിടെയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. സുപ്രീം കോടതി ജഡ്ജിമാര്‍ ഈ കാര്യത്തില്‍ പരസ്യമായി പോരാട്ടത്തിനു തയ്യാറായതോടെ ഹൈക്കോടതി ജഡ്ജിമാരും ഈ വഴി സ്വീകരിച്ചാല്‍ കുറ്റപ്പെടുത്തുക പ്രയാസമാകും.

ഇപ്പോള്‍ ആൻറണി ഡൊമിനിക് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതോടെയാണ് ഹാരിസണ്‍ കേസില്‍ അന്തിമവാദത്തിനു വഴിയോരുങ്ങിയത്. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഹാരിസണ്‍ കേസിലും നിലവിലെ താരതമ്യേന ജൂനിയര്‍ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച്‌ ഒഴിവാക്കി സീനിയര്‍ ജഡ്ജിമാരുടെ ബെഞ്ച്‌ തന്നെ വേണമെന്നാണ് പൊതുവേയുള്ള ആവശ്യം.