കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആര്‍എസ് പി (ലെനിനിസ്റ്റ്) യിലില്ല, എന്‍സിപിയില്‍ ചേര്‍ന്നാല്‍ നല്ല കാര്യമെന്ന് ജോര്‍ജ് സെബാസ്റ്റ്യന്‍

0
63

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ് പി (ലെനിനിസ്റ്റ്) പാര്‍ട്ടിയില്ലെന്ന് ആര്‍എസ് പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ 24 കേരളയോടു പറഞ്ഞു.

ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അതുപോലെ തന്നെ തിരിച്ചും പോയിട്ടുണ്ട്. പാര്‍ട്ടിയുമായി കലഹിച്ചാണ് കോവൂര്‍ കുഞ്ഞുമോന്‍ പുറത്തുപോയത് – ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

കലഹിച്ച് പുറത്തുപോയ കുഞ്ഞുമോന്‍ പാര്‍ട്ടിയുടെ അംഗീകാരത്തിനും തടയിട്ടിട്ടുണ്ട്. അംഗീകാര പ്രശ്നം തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നില്‍ വന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ കൂടി അവകാശവാദം ഉന്നയിച്ചു. അതോടെ അംഗീകാരം നിയമ പ്രശ്നത്തില്‍ കുടുങ്ങുകയായിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എന്‍സിപിയില്‍ പോകുകയാണെങ്കില്‍ അത് നന്നായി. പാര്‍ട്ടിയുടെ അംഗീകാരവുമായി ബന്ധപ്പെട്ട കുരുക്ക് മാറിക്കിട്ടും – ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഒറ്റയ്ക്കാണ് നില്‍ക്കുന്നത്. പാര്‍ട്ടി എന്ന നിലയില്‍ സ്വതന്ത്ര അസ്തിത്വമാണ് ആര്‍എസ്പി (ലെനിനിസ്റ്റ്) വിഭാഗത്തിനുള്ളത്.

കഴിഞ്ഞ ഏഴുമാസത്തിലധികമായി കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി (ലെനിനിസ്റ്റ്) പാര്‍ട്ടിയിലില്ല. പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളെ പുറത്താക്കാന്‍ കഴിയില്ല. അങ്ങിനെ പുറത്തു പോയ ആള്‍ മന്ത്രിയായാല്‍
അഭിപ്രായം പറയേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടി എന്‍സിപിയില്‍ ലയിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എന്‍സിപി മന്ത്രിയാകുമെന്നും വാര്‍ത്തകള്‍ പരന്നിരിക്കെയാണ് ജോര്‍ജ് സെബാസ്സ്റ്റ്യന്റെ പ്രതികരണം. ആര്‍എസ്പി (ലെനിനിസ്റ്റ്) എന്‍സിപിയിലോ മറ്റ് പാര്‍ട്ടിയിലോ ലയിക്കാന്‍ ഒരു പരിപാടിയും ഇല്ല.

വര്‍ഷങ്ങളായി ഇടതുമുന്നണിയുമായി യോജിച്ചാണ് ആര്‍എസ്പി (ലെനിനിസ്റ്റ്) പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഇടതുമുന്നണി അംഗമല്ല. ആര്‍.ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി ഇടതുമുന്നണിയില്‍ അംഗമല്ല. പക്ഷെ ഇടതുമുന്നണിയുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെയാണ് ആര്‍എസ് പി ലെനിനിസ്റ്റ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത് – ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പുറത്തുള്ള ഒരാളെ എന്‍സിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ബാലകൃഷ്ണപിള്ളയുമായുള്ള ലയനം അലസിപ്പിരിഞ്ഞ അവസ്ഥയിലാണ് എന്‍സിപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ എന്‍സിപിയില്‍ എടുത്ത് മന്ത്രിസ്ഥാനം നല്കാന്‍ ശ്രമം തുടങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മാറ്റി കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം നല്‍കാനാണ് എന്‍സിപി നീക്കം.