ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ

0
51


കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മ റാണി, സഹായി ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം. രഞ്ജിത്തും റാണിയും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി.
നേരത്തെ ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്.
ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ മൂവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
2013 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതിയും നല്‍കി. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുന്‍പ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.