ജഡ്ജിമാരുടെ പൊട്ടിത്തെറി നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കും: ജി. ഭഗവത് സിംഗ്

0
115

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ പ്രശ്നങ്ങള്‍ വാര്‍ത്താസമ്മേളനം വഴി പൊതുശ്രദ്ധയിലേക്ക് വരാന്‍ ഒരിക്കലും പാടില്ലായിരുന്നുവെന്ന് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി. ഭഗവത് സിംഗ്.

മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യമായ പൊട്ടിത്തെറിക്കല്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കും. ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും പൊതുജന ശ്രദ്ധയിലേക്ക് വരാതെ പരിഹരിക്കപ്പെടേണ്ടതാണ്. പരസ്യമായ പ്രതികരണങ്ങളും പത്രസമ്മേളനങ്ങളും ആശാസ്യകരമായ കാര്യമല്ല – ഭഗവത് സിംഗ് ചൂണ്ടിക്കാട്ടുന്നു.

ജഡ്ജിമാര്‍ക്ക് ഈഗോ ഉണ്ടാകാം. പക്ഷെ ഈ
ഇഗോയുടെ പേരില്‍ നടപടികള്‍ക്ക് മുതിരരുത്. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും.

ജസ്റ്റിസ് കര്‍ണനെ പോലുള്ള ജഡ്ജിമാര്‍ കടന്നുവന്നത് കൊളീജിയം സിസ്റ്റം കൊണ്ടാണെന്ന് ജഡ്ജിമാര്‍ ആക്ഷേപിക്കുന്നു. ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെ കര്‍ണനും ഈ ജഡ്ജിമാരും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന ചോദ്യം ഉയരുന്നു.

ജസ്റ്റിസ് കര്‍ണനെതിരെ നടപടി വന്നെങ്കില്‍ ഈ ജഡ്ജിമാരും കര്‍ണന്റെ പാതയിലാണ്. സുപ്രീം കോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരം കണ്ടെത്തുന്നതിനു സുപ്രീം കോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സിലും ശ്രദ്ധിക്കേണ്ടതാണ്.

ചീഫ് ജസ്റ്റിസിനെതിരായ നിലപാട് എടുക്കും മുന്‍പ് ജഡ്ജിമാര്‍ ഒരു വട്ടം കൂടി ആലോചിക്കേണ്ടിയിരുന്നു.

വാര്‍ത്താസമ്മേളനം വിളിക്കുംമുന്‍പ് പ്രശ്ന പരിഹാരത്തിനായി ഒട്ടനവധി വഴികള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഈ വഴികള്‍ ഒന്നും ഉപയോഗിക്കാതെ വാര്‍ത്താസമ്മേളനം വിളിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിക്കുകയായിരുന്നു. ജഡ്ജിമാര്‍ക്ക് ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. ഫുള്‍കോര്‍ട്ട് വിളിക്കുമ്പോള്‍ ഈ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം വരികയാണെങ്കില്‍ കൂടി അതിനു ഒരു പരിഹാരം അവര്‍ക്ക് കണ്ടെത്താമായിരുന്നു. ഭൂരിപക്ഷമനുസരിച്ചുള്ള തീരുമാനവും ഉണ്ടാകുമായിരുന്നു – ഭഗവത് സിംഗ് പറഞ്ഞു.

പക്ഷെ അവര്‍ ഫുള്‍കോര്‍ട്ട് വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇനി ഫുള്‍ കോര്‍ട്ട് വിളിക്കുകയാണെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ ചില നിയമങ്ങളുണ്ടാക്കണമെന്ന്‌ ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയും.

നിലവില്‍ സുപ്രീം കോടതിയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് നിയമങ്ങളില്ല. കീഴ് വഴക്കങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നോക്കുന്നത്. സുപ്രീം കോടതിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് ഫുള്‍ കോര്‍ട്ടില്‍ പരിഹാരമുണ്ടാക്കാം. . അല്ലെങ്കില്‍ നിയമങ്ങള്‍ കമ്മറ്റിയില്‍ അവതരിപ്പിക്കാം.

പുതിയ നിയമങ്ങള്‍ ഉണ്ടാക്കി അത് പിന്തുടരാം. ഭരണപരമായ അധികാരം മുഴുവന്‍ ചീഫ് ജസ്റ്റിസിനാണ്. ജഡ്ജിമാര്‍ തെറ്റ് ചെയ്താലും അത് തെറ്റായി തന്നെ നിലനില്‍ക്കും. ചീഫ് ജസ്റ്റിസുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള മറ്റ് വഴികള്‍ അവര്‍ എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യത്തിനു ഇതുവരെ ഒരു ജഡ്ജിയും മറുപടി പറഞ്ഞിട്ടില്ല.

ജഡ്ജിമാര്‍ ചില പ്രശ്നങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ അവതരിപ്പിച്ചു. ചീഫ് ജസ്റ്റിസ് അത് കേട്ടില്ല. അപ്പോള്‍ ഈ ജഡ്ജിമാര്‍ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പരസ്യ പ്രതികരണത്തിന്റെ വഴി തേടി. വാര്‍ത്താസമ്മേളനം വിളിച്ച ശേഷം ഇത് ഭാവി തലമുറ ഞങ്ങളെ കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞതില്‍ വലിയ കാര്യമുണ്ട് എന്ന് തോന്നുന്നില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചലമേശ്വറും തമ്മിലുള്ള സീനിയോറിറ്റി വ്യത്യാസം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് ചലമേശ്വര്‍ ആണ് മുതിര്‍ന്ന ജഡ്ജി. കൊളീജിയം സിസ്റ്റം കാരണമാണ് ജസ്റ്റിസ് ചലമേശ്വര്‍ ജൂനിയര്‍ ആയത്.

ഒരേ ദിവസമാണ് ഇവര്‍ സുപ്രീം കോടതിയില്‍ ജഡ്ജി ആയി വന്നതെങ്കിലും ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജസ്റ്റിസ് ദീപക് മിശ്രയാണ്. ഇതിനാലാണ് ആദ്യം ചീഫ് ജസ്റ്റിസ് ആയി ദീപക് മിശ്ര അധികാരമേറ്റത്. ജഡ്ജി എന്ന നിലയിലെ സേവനം പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദീപക് മിശ്രയെക്കാളും രണ്ടു വര്‍ഷം സീനിയര്‍ ആണ് ജസ്റ്റിസ് ചലമേശ്വര്‍.

മുതിര്‍ന്ന ജഡ്ജിയായ ചലമേശ്വര്‍ ഒരു പൊട്ടിത്തെറിയ്ക്ക്‌ വഴിമരുന്നിടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി പൊതുപരിഗണനയില്‍ കടന്നുവരും. സുപ്രീം കോടതി കൊളീജിയം സമ്പ്രദായത്തെ ജഡ്ജിമാര്‍ പഴിചാരും മുമ്പ് ഓര്‍ക്കേണ്ട കാര്യം ഈ കൊളീജിയം സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളാണ് ആരോപണം ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരും.

എല്ലാവരും ഈ കൊളീജിയം സമ്പ്രദായത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി ഞാന്‍ കൊളീജിയം സമ്പ്രദായത്തിന് എതിരാണ്. അടിസ്ഥാനപരമായി ഈ കൊളീജിയം സമ്പ്രദായം ശരിയല്ല. ഈ ജഡ്ജിമാര്‍ ഒക്കെ തന്നെ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലിനെ എതിര്‍ത്ത ആളുകളാണ്.

വാര്‍ത്താസമ്മേളനം വിളിച്ച ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ചെലമേശ്വര്‍ തന്നെ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ ആവശ്യമായിരിക്കുന്നു എന്ന് പറഞ്ഞു. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന ബില്ലാണിത്.

ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ സ്ക്രീന്‍ ചെയ്യാനും അത്യാവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കാനുമുള്ള അധികാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരിനു വ്യവസ്ഥ നല്‍കുന്ന ബില്ലാണിത്. ഈ ബില്‍ ആവശ്യമാണെന്ന് ഇപ്പോഴത്തെ സുപ്രീം കോടതിയിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. ഒപ്പം ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മിഷനും നിലവിലെ സാഹചര്യത്തില്‍ പ്രസക്തമായ ഒരാവശ്യമായി നിലനില്‍ക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് രാജ്യം ഗൗരവത്തോടെ ചിന്തിക്കേണ്ട സമയം കൂടിയാണിത് – ഭഗവത് സിംഗ് പറഞ്ഞു.