ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

0
50

ന്യൂഡല്‍ഹി: സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എംഎം ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കാനായിരുന്നു വെള്ളിയാഴ്ച തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എല്ലാ രേഖകളും ഹാജരാക്കാനും ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ അമിത്ഷായോട് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 1നായിരുന്നു സംഭവം. ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന എപി ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം അഭിഭാഷകരുടെ സംഘടനകളും ഹര്‍ജി നല്‍കിയിരുന്നു
അതേസമയം സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ കോടതി വിട്ടിറങ്ങി ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനെ ചൊല്ലിയായിരുന്നു മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനം. ജസ്റ്റിസ് ലോയയുടെ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് സംശയമുണ്ട്. ഇതിനാലാണ് അവര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിയത്.