തിരിച്ചടി നല്‍കി ഇന്ത്യ: ഏഴ് പാക് സൈനികരെ വധിച്ചു

0
45

ശ്രീനഗര്‍: പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖയ്ക്ക് സമീപം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. അഞ്ചിലേറെ പാക് ബങ്കറുകളും സേന തകര്‍ത്തു. പുതുവര്‍ഷത്തില്‍ ദക്ഷിണ കശ്മീരിലെ സിആര്‍പിഎഫ് ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അഞ്ചു സൈനികരും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഇന്നു രാവിലെ ഉറി സെക്ടറിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്.

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ സൈനിക നടപടിക്ക് തയ്യാറെടുക്കുമെന്ന് കരസേനാ മാധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. നിയന്ത്രണരേഖയിലൂടെ പാക് സൈന്യം ഭീകരവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായം ചെയ്ത് നല്‍കുന്നുണ്ടെന്നും പാകിസ്ഥാന്റെ പ്രകോപനപരമായ നടപടികള്‍ക്കെതിരെ ഇന്ത്യ പ്രതികാരം ചെയ്യുമെന്നും റാവത്ത് പറഞ്ഞു.