ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

0
52


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക്. കേസില്‍ വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.

വിചാരണയ്ക്ക് മുന്‍പായി തെളിവുകളുടെ പകര്‍പ്പ്
ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യവും ദിലീപ് ചൂണ്ടിക്കാട്ടും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സ്വന്തം ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ, കുറ്റപത്രം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17-ലേക്കു മാറ്റി. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ദിലീപാണു കുറ്റപത്രം ചോര്‍ത്തിയതെന്ന വാദമാണു പൊലീസ് കോടതിയില്‍ ഉന്നയിക്കുന്നത്.