ദേശീയ എയര്‍ലൈന്‍സ് സ്വകാര്യവത്ക്കാനൊരുങ്ങി പാകിസ്ഥാന്‍

0
49

ഇസ്ലാമബാദ്: തങ്ങളുടെ ദേശീയ എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കാനൊരുങ്ങി പാകിസ്ഥാന്‍. പൊതു തിരഞ്ഞെടുപ്പിന് മുന്നേടിയായി ദേശീയ എയര്‍ലൈനായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍ലൈന്‍സുകളുമായി മത്സരിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതും 47 പേരുടെ മരണത്തിനിടയാക്കിയ 2016ലെ വിമാനാപകടവുമാണ് ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്ഥാനെ നയിച്ചത്.

2013ല്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് അധികാരത്തിലേറിയതു മുതല്‍ പല പൊതുമുതല്‍ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള നീക്കം നടന്നിരുന്നു.

സ്വകാര്യവത്കരിക്കാന്‍ പാകിസ്ഥാന്‍ കരുതിയിരുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 68 സ്ഥാപനങ്ങളില്‍ ഒന്നാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. അന്താരാഷ്ട്ര മോണിട്ടറി ഫണ്ടില്‍ നിന്നുള്ള 670 കോടി രൂപ പാക്കേജിലുള്‍പ്പെടുത്തിയാണ് എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള 68 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്.
എന്നാല്‍ ജീവനക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2016ല്‍ സ്വകാര്യവത്കരിക്കാനുള്ളള നീക്കങ്ങള്‍ സര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ തുടര്‍ നീക്കങ്ങള്‍ക്കൊരുങ്ങുകയാണെന്ന് പ്രൈവറ്റൈസേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.