പാസ്പോര്‍ട്ടിന്റെ നിറമാറ്റം ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല; നടപടി പാവപ്പെട്ട തൊഴിലാളികളെ അപമാനിക്കാന്‍

0
60

 തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് പുറംരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ പാസ്പോര്‍ട്ടിന്റെ പുറംചട്ടയുടെ നിറം ഓറഞ്ച് ആക്കി മാറ്റാനുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോകുന്നവരെ രണ്ടാംതര പൗരന്മാരായി മുദ്രയടിക്കുന്നതാണിത്. ഇ.സി.ആര്‍(എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ്) വിഭാഗത്തില്‍പ്പെടുന്ന പത്താംക്ലാസിന് താഴെയുള്ള സാധാരണക്കാരായ തൊഴിലാളികളുടെ പാസ്പോര്‍ട്ടാണ് ഓറഞ്ച് നിറമാക്കാന്‍ പോകുന്നത്. ഇത് കടുത്ത വിവേചനമാണ്. വിമാനത്താവളങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ചെല്ലുമ്പോള്‍ ഈ വിഭാഗക്കാര്‍ അപമാനിതരാവും. ഒറ്റ നോട്ടത്തില്‍ തന്നെ താണവിഭാഗം എന്ന് തിരിച്ചറിയാനേ ഈ പരിഷ്‌ക്കാരം ഉപകരിക്കൂ. വിദേശ രാഷ്ട്രങ്ങളിലും മണലാരണ്യങ്ങളിലും വിയര്‍പ്പൊഴുക്കി നമ്മുടെ നാടിന് സമ്പത്ത് നേടിത്തരുന്നവരെ അപമാനിക്കുന്നത് ക്രൂരതയാണ്. സാധാരണക്കാരോടും പാവപ്പെട്ടവരോടും ബി.ജെ.പിക്കുള്ള മനോഭാവമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.