പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണത്തില്‍ വ്യക്തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത്‌

0
87

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സമരം തുടരുമെന്ന്  ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.
എല്ലാ വിധ പിന്തുണയുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും
എന്നാല്‍ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. സമരത്തിന്റെ ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഉറപ്പു ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.ആരോപണ വിധേയന്‍ പരിഹസിക്കുന്നു എന്ന അമ്മയുടെ പരാതിയ്ക്കും ഹൈക്കോടതി സ്‌റ്റേ നീക്കുന്നതിനും നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശ്രീജിത്ത് പറഞ്ഞു.

സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസങ്ങള്‍ പിന്നിട്ടു. ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് സമൂഹ മാധ്യ കൂട്ടായ്മകളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും
രംഗത്തെത്തിയിരുന്നു.

ഇതിനിടെ, ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് 2014 മുതലുള്ള മുഴുവന്‍ രേഖകളും ബുധനാഴ്ച നല്‍കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടു.