പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

0
58


തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോള്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അമലയെ ചോദ്യം ചെയ്തു.

അമലയുടെ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി അമലാ പോളിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. ഇന്നു രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ക്രൈംബ്രാഞ്ചിനു താരത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഡിസംബര്‍ 21 നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അമലാ പോള്‍ നികുതി വെട്ടിക്കാനായി വ്യാജരേഖകള്‍ ചമച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കേസ്. കാര്‍ രജിസ്റ്റര്‍ ചെയ്യാനായി അമല സമര്‍പ്പിച്ച വാടകചീട്ട് വ്യാജമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ ഒന്നേകാല്‍ ലക്ഷം രൂപയാണ് വാഹനത്തിനു നികുതിയായി താരം അടച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ നികുതി ഇനത്തില്‍ 20 ലക്ഷം രൂപ നല്‍കേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കാനാണ് താരം പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരെത്ത പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എംപിയെ സമാനമായ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.