പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പടുത്തി വിട്ടയച്ചു

0
47

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു. അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു.
വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് നടനെ ചോദ്യം ചെയ്തത്.
പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010ല്‍ പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചെന്ന വാടക കരാറിന്റെ അടിസ്ഥാനത്തില്‍ 2014ല്‍ ആഢംബര വാഹനം സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.